റാഫേല്‍ പോര്‍ വിമാനം: 58,000 കോടിയുടെ ഇന്ത്യ-ഫ്രാന്‍സ് കരാര്‍

ന്യൂഡല്‍ഹി:  വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായി. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍  പ്രതിരോധമന്ത്രി മനോഹര്‍ പരീകറും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ ലെ ഡ്രിയാനുമാണ് കരാറില്‍ ഒപ്പിട്ടത്.  58,000 കോടി രൂപയുടേതാണ് കരാര്‍. 36 റാഫേല്‍ വിമാനങ്ങളില്‍ ആദ്യത്തേത് ഒന്നര വര്‍ഷത്തിനകം ഇന്ത്യക്ക് ലഭിക്കും. അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥ. അത്യാധുനിക സംവിധാനങ്ങളുള്ള റാഫേല്‍ വിമാനം സ്വന്തമാകുന്നതോടെ വ്യോമാക്രമണശേഷിയില്‍ ഇന്ത്യ പാകിസ്താനെ പിന്നിലാക്കും. ചൈനയോട് കിടപിടിക്കാവുന്ന ശേഷിയും വ്യോമസേന കൈവരിക്കും. കാലപ്പഴക്കം ചെന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പഴയ സോവിയറ്റ് യൂനിയന്‍ നിര്‍മിത ‘മിഗ് 21’ വിമാനങ്ങള്‍ക്ക് പകരമായാണ് റാഫേല്‍ എത്തുന്നത്. ദൃശ്യപരിധിക്കപ്പുറം ശേഷിയുള്ള മിറ്റിയോര്‍ മിസൈല്‍, ഡിസ്പ്ളേ സംവിധാനത്തോടെയുള്ള ഇസ്രായേല്‍ നിര്‍മിത ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് പുറമെ വ്യോമസേന നിര്‍ദേശിച്ച മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യക്കുവേണ്ടി 36 റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മിക്കുന്നത്.  

ഫ്രാന്‍സില്‍നിന്ന് റാഫേല്‍ പോര്‍ വിമാനം വാങ്ങാന്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് തത്ത്വത്തില്‍ തീരുമാനിച്ചെങ്കിലും ചര്‍ച്ച നീണ്ടു.  ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തോടെയാണ് ഇടപാടിന് ജീവന്‍വെച്ചത്. മോദിയുടെ സന്ദര്‍ശനത്തിനുശേഷവും 16 മാസം നീണ്ട ചര്‍ച്ചക്കുശേഷമാണ് കരാര്‍ ഒപ്പിടാനായത്.  കരാര്‍ പ്രകാരം വിമാനത്തിന്‍െറ 20 ശതമാനം ഭാഗങ്ങളുടെ നിര്‍മാണം ഇന്ത്യയില്‍ നടത്തണം. മാത്രമല്ല, കരാര്‍ തുകയുടെ 30 ശതമാനം സൈനിക വ്യോമസാങ്കേതിക വിദ്യാരംഗത്തെ ഗവേഷണപദ്ധതികള്‍ക്ക് ഇന്ത്യയില്‍ ചെലവഴിക്കണം.

റഫേല്‍ മാരക പ്രഹരശേഷിയുള്ള യുദ്ധവിമാനം

ഫ്രഞ്ച് നിര്‍മിതം: അത്യാധുനിക ഒറ്റ/ഇരട്ട എഞ്ചിന്‍ വിവിധോദ്ദേശ പോര്‍ വിമാനം

  • മാരക പ്രഹരശേഷിയുള്ള യുദ്ധവിമാനം
  • ലോകത്തെ ഏറ്റവും ആധുനികമെന്ന് കരുതുന്ന മെറ്റിയോര്‍ മിസൈല്‍ ഘടിപ്പിച്ചത്
  • ശത്രുവിന്‍െറ കണ്ണില്‍പ്പെടാത്ത മിസൈല്‍ ഇന്ത്യനതിര്‍ത്തിയില്‍നിന്ന് വിക്ഷേപിച്ച് 150 കി.മീ. അകലെയുള്ള ശത്രുലക്ഷ്യം തകര്‍ക്കാം
  • ആറ് മിസൈലുകളും മൂന്ന് ബോംബര്‍ മിസൈലുകളും ഘടിപ്പിക്കാം
  • ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനാണ് നിര്‍മാതാക്കള്‍
  • പരമാവധി വാഹകശേഷി 24,500 കി.ഗ്രാം
  • 2000 ഡിസംബറില്‍ സേവനം തുടങ്ങി
  • പരമാവധി വേഗം 1.8 മാക് -ശബ്ദാതി
  • വേഗം (മണിക്കൂറില്‍ 1910 കി.മീ.)
  • റാഫേല്‍ എത്തുന്നത് ‘മിഗ് 21‘ ന് പകരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.