ഫോബ്സ് സമ്പന്ന പട്ടിക: ഇന്ത്യക്കാരില്‍ ഒന്നാമന്‍ മുകേഷ് അംബാനി; മലയാളികളില്‍ യൂസുഫലി

അബൂദബി: ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. 152,090 കോടി രൂപയുടെ ആസ്തിയുമായാണ് മുകേഷ് അംബാനി ഒന്നാമതത്തെിയത്. പട്ടികയില്‍ 25ാം സ്ഥാനത്തുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് മലയാളികളില്‍ ഒന്നാമത്. 26800 കോടി രൂപയാണ് യൂസുഫലിയുടെ മൊത്തം ആസ്തി.

കഴിഞ്ഞയാഴ്ച  ചൈന ആസ്ഥാനമായ ഹുരൂണ്‍ മാസിക പുറത്തുവിട്ട ആഗോള സമ്പന്നരുടെ പട്ടികയിലും ഇന്ത്യന്‍ സമ്പന്നരില്‍ മുകേഷ് അംബാനിയും മലയാളി സമ്പന്നരില്‍ യൂസുഫലിയുമായിരുന്നു ഒന്നാം സ്ഥാനത്ത്. നൂറു പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവരുടെ എല്ലാവരുടെയും ആകെ ആസ്തി 2552700 കോടി രൂപയാണ്. 2015ല്‍ ഇത് 2311500 കോടി രൂപയായിരുന്നു. പത്ത് ശതമാനം സമ്പത്താണ് നൂറ് പേര്‍ക്കുമായി വര്‍ധിച്ചത്. സണ്‍ ഫാര്‍മയുടെ ദിലീപ് സങ്വിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍. ആസ്തി 113230 കോടി രൂപ.

ഹുന്ദുജ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഹിന്ദുജ കുടുംബം (101840 കോടി) മൂന്നാം സ്ഥാനവും സോഫ്റ്റ്വെയര്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന അസിം പ്രേംജി (100500 കോടി) നാലാം സ്ഥാനവും കരസ്ഥമാക്കി. നിര്‍മാണ കമ്പനിയായ ഷാപൂര്‍ജിയുടെ ചെയര്‍മാന്‍ പല്ളോണ്‍ജി മിസ്ത്രി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍, ഗോദ്രെജ് കുടുംബം, ശിവ് നാടര്‍, കുമാര്‍ ബിര്‍ല, സൈറസ് പൂനവാല എന്നിവരാണ് അഞ്ച് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളവര്‍.എം.എ. യൂസുഫലിയടക്കം എട്ട് മലയാളികളാണ് പട്ടികയില്‍ ഇടം നേടിയത്.

മറ്റു മലയാളി സമ്പന്നരുടെ പേര് ആസ്തി, പട്ടികയിലെ സ്ഥാനം എന്ന ക്രമത്തില്‍: ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (20770 കോടി രൂപ, 38ാം സ്ഥാനം), എം.ജി. ജോര്‍ജ് മുത്തൂറ്റ് (12864 കോടി, 59), സണ്ണി വര്‍ക്കി (12730 കോടി, 60), പി.എന്‍.സി മേനോന്‍ (1098 കോടി, 78), സേനാപതി ഗോപാലകൃഷ്ണന്‍ (10787 കോടി, 81), ആസാദ് മൂപ്പന്‍ (8576 കോടി, 97), ശംഷീര്‍ വയലില്‍ (8509 കോടി, 98). 39കാരനായ ഡോ. ശംഷീര്‍ വയലിലാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളി. പ്രായം കുറഞ്ഞ ഇന്ത്യക്കാരില്‍ മൂന്നാമനുമാണ് ഇദ്ദേഹം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.