രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കില്ലെന്ന് സിദ്ദു

ചണ്ഡിഗഢ്:  ‘ആവാസെ പഞ്ചാബ്’ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങി  മുന്‍ ക്രിക്കറ്റ് താരം  നവ്ജ്യോത് സിങ് സിദ്ദു.  ഭരണവിരുദ്ധവികാരത്തിന് കിട്ടുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കില്ളെന്ന് വ്യക്തമാക്കിയ അദ്ദേഹം, പഞ്ചാബിന്‍െറ വികസനത്തിന്   കൂട്ടുമുന്നണിയെക്കുറിച്ചും സൂചന നല്‍കി.

‘പഞ്ചാബിയത്തിന്‍െറ’  വിജയമാണ് മുഖ്യലക്ഷ്യമെന്ന് രാജ്യസഭാംഗത്വം രാജിവെച്ച് ബി.ജെ.പി വിട്ട അദ്ദേഹം പറഞ്ഞു.  താന്‍ ലക്ഷ്യമിടുന്ന പൊതുവേദി  തെരഞ്ഞെടുപ്പ് വീര്യത്തെ കെടുത്തില്ളെന്ന് അദ്ദേഹം  ആവര്‍ത്തിച്ചു. ‘ഭാവിയെക്കുറിച്ച് പ്രവചിക്കാനുള്ള മികച്ച പ്രവാചകനാണ് ഭൂതകാലമെന്നും ഒരു പുതിയ പാര്‍ട്ടിക്ക് സംസ്ഥാനത്ത് വിജയം നേടണമെങ്കില്‍  രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും  ഇനിയുള്ള മൂന്നു മാസം  തീര്‍ത്തും അപര്യാപ്തമാണെന്നും സിദ്ദു  പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍  ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനില്ല. എന്നാല്‍, പഞ്ചാബിന്‍െറ താല്‍പര്യം സംരക്ഷിക്കാനുള്ള വോട്ട് ആര്‍ക്കായിരിക്കണമെന്ന് വ്യക്തത നല്‍കുമെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണത്തിനെതിരായ വോട്ടുകള്‍ ഭിന്നിച്ചാല്‍  അത് പരോക്ഷമായി ബാദല്‍-അമരീന്ദര്‍ കൂട്ടുകെട്ടിനാണ് ഗുണം ചെയ്യുക. അത്  സംഭവിക്കാന്‍ പാടില്ല. ബാദല്‍-അമരീന്ദര്‍ ഭരണം പഞ്ചാബിനെ 15 വര്‍ഷമായി കൊള്ളയടിക്കുകയാണ്. പഞ്ചാബിനെ നശിപ്പിക്കുന്ന സംവിധാനത്തിനെതിരായ പോരാട്ടമാണ്  ലക്ഷ്യമിടുന്നത്. പഞ്ചാബിന് ഗുണകരമായ ശക്തികള്‍ അധികാരത്തില്‍ വരണം. രാഷട്രീയം ഒരു  തൊഴിലല്ല; വലിയ ദൗത്യമാണ്.

സിദ്ദുവിന്‍െറ ‘ആവാസെ പഞ്ചാബ്’ എന്ന രാഷ്ട്രീയവേദിയുടെ പ്രഖ്യാപനം പഞ്ചാബിനെയാകെ ഉണര്‍ത്തിയിട്ടുണ്ട്.  എം.എല്‍.എമാരായ പര്‍ഗത് സിങ്, സിമര്‍ജിത് ബെയിന്‍സ്, ബല്‍വീന്ദര്‍ ബെയിന്‍സ്  എന്നിവര്‍ ചേര്‍ന്ന് ഈയിടെ  രൂപവത്കരിച്ച വേദിയാണിത്. ഈമാസം 14ന് ബി.ജെ.പി വിട്ട സിദ്ദു  ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.