ശ്രീനഗറില്‍ മൂന്നിടങ്ങളിലൊഴികെ കര്‍ഫ്യൂ പിന്‍വലിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീലെ ശ്രീനഗറില്‍ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയിലൊഴികെ പിന്‍വലിച്ചു. ക്രമസമാധാനം മെച്ചപ്പെട്ട സാഹചര്യത്തിലാണ് മറ്റിടങ്ങളില്‍ കര്‍ഫ്യൂ പിന്‍വലിച്ചതെന്ന് പൊലീസ്വൃത്തങ്ങള്‍ പറഞ്ഞു. നൗഹാട്ട, എം.ആര്‍. ഗഞ്ച്, ഖാന്‍യാര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ തുടരുന്നത്. ശ്രീനഗറിലൊഴികെ താഴ്വരയിലെ മറ്റിടങ്ങളില്‍ കര്‍ഫ്യൂ ചൊവ്വാഴ്ച നീക്കിയിരുന്നു. എന്നാല്‍, ജനങ്ങള്‍ കൂട്ടംകൂടി നില്‍കുന്നതിന് നിയന്ത്രണം തുടരുകയാണ്. വിഘടനവാദികള്‍ പ്രഖ്യാപിച്ച ബന്ത് തുടരുന്നതിനാല്‍ കശ്മീരില്‍ 75ാം ദിവസവും സാധാരണ ജീവിതം താറുമാറായ നിലയിലാണ്. സെപ്റ്റംബര്‍ 22വരെയാണ് ബന്ത്. ഇതിനാല്‍, കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

കശ്മീരില്‍ ഗവര്‍ണര്‍ ഭരണം: ഭീം സിങ്ങിന്‍െറ ഹരജി നേരത്തെ കേള്‍ക്കും

 രണ്ടുമാസത്തിലധികമായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജെ.കെ.എന്‍.പി.പി (ജമ്മു കശ്മീര്‍ നാഷനല്‍ പാന്തേഴ്സ് പാര്‍ട്ടി) നേതാവ് ഭീം സിങ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി നേരത്തെ പരിഗണിക്കും. ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസുമാരായ എ.ആര്‍. ദാവെ, എല്‍. നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബെഞ്ച്, വാദം കേള്‍ക്കല്‍ പരമാവധി നേരത്തെയാക്കാന്‍ സുപ്രീംകോടതി രജിസ്ട്രിയോട് ആവശ്യപ്പെട്ടു. നേരത്തെ, ഡിസംബറില്‍ പരിഗണിക്കാനായിരുന്നു തീരുമാനം. സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ഭീം സിങ്ങിന്‍െറ അപേക്ഷ പരിഗണിച്ചാണ് വാദം നേരത്തെയാക്കാന്‍ ആവശ്യപ്പെട്ടത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഭീം സിങ്ങിന് സംഘര്‍ഷ മേഖല സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ സുപ്രീംകോടതി സോളിസിറ്റര്‍ ജനറല്‍ രന്‍ജിത്ത് കുമാറിനോട് നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.