മേവാത്ത്: ആക്രമികള്‍ രക്ഷപ്പെടുന്നത് ആര്‍.എസ്.എസ് ആഭിമുഖ്യം മൂലം –സി.പി.എം വസ്തുതാന്വേഷണ സംഘം

ന്യൂഡല്‍ഹി: ഹരിയാനയിലെ മേവാത്തില്‍ വീടുകയറി ഇരട്ടക്കൊലയും കൂട്ടബലാത്സംഗവും നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാറും പൊലീസും അമാന്തം കാണിക്കുന്നത് പ്രതികളുടെ ആര്‍.എസ്.എസ് ആഭിമുഖ്യം മൂലമാണെന്ന് സി.പി.എം. ആക്രമികളുടെ സംഘ്പരിവാര്‍ ബന്ധം അവരുടെ ഫേസ്ബുക് പോസ്റ്റുകളില്‍നിന്ന് വ്യക്തമാണ്. ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടും നടപടിക്ക്  പൊലീസ് മടിച്ചിരുന്നതായി പ്രദേശത്ത് വസ്തുതാന്വേഷണം നടത്തിയ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എം.പിമാരായ പി. കരുണാകരന്‍, നിലോല്‍പല്‍ ബസു, ബദറുസ്സ ഖാന്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

പ്രാദേശിക ബാര്‍ കൗണ്‍സില്‍ ഏകകണ്ഠമായി ഇരകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതോടെയാണ് സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായത്. എന്നാല്‍, മേവാത്ത് കൊലയും മാനഭംഗവും വലിയ സംഭവങ്ങളായി താന്‍ കാണുന്നില്ളെന്ന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍െറ അഭിപ്രായപ്രകടനം വര്‍ഗീയ മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ കേസിനെ സമീപിക്കുക എന്നു വെളിപ്പെടുത്തുന്നതാണ്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജോലി, മാനഭംഗ ഇരകള്‍ക്ക് നഷ്ടപരിഹാരം, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷ തുടങ്ങിയ കാര്യങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളിലെ ദരിദ്ര ജനങ്ങള്‍ക്കെതിരായി നടന്ന ഈ വര്‍ഗീയ അതിക്രമം എല്ലാവിധ മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. ആക്രമികളെ പിന്തുണച്ച് നടത്തിയ ഒരു യോഗത്തില്‍ ബി.ജെ.പി എം.എല്‍.എ പങ്കെടുക്കുകയുമുണ്ടായി. സി.ബി.ഐക്ക് കേസ് കൈമാറുമ്പോള്‍ അന്വേഷണത്തില്‍ വന്ന പാളിച്ചകള്‍കൂടി വിശദമാക്കണമെന്നും ഇരകളുടെ കുടുംബത്തിന് പൂര്‍ണ സുരക്ഷ ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.