സ്മാര്‍ട്ടാവാന്‍ 27 നഗരങ്ങള്‍ കൂടി, തിരുവനന്തപുരത്തിന് ഇടമില്ല

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് 27 നഗരങ്ങള്‍ കൂടി അര്‍ഹത നേടി. കേന്ദ്ര നഗരവികസന മന്ത്രാലയം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് ഒരുക്ക നടപടികള്‍ പൂര്‍ത്തിയാക്കിയ നഗരങ്ങളില്‍നിന്ന് മികവിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പട്ടികയില്‍ കേരളത്തില്‍നിന്ന് സാധ്യതയുണ്ടായിരുന്ന തിരുവനന്തപുരത്തിന് ഇടം കിട്ടിയില്ല.

തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് നാലുവീതം നഗരങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. മികവ് മാത്രമാണ് മാനദണ്ഡമെന്നാണ് പട്ടിക പ്രഖ്യാപിച്ച കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു അറിയിച്ചതെങ്കിലും അടുത്തവര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്‍െറ തലസ്ഥാനമായ അമൃത്സര്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മറ്റൊരു പഞ്ചാബി നഗരമായ ജലന്ധറും പ്രധാനമന്ത്രിയുടെ മണ്ഡലമായ യു.പിയിലെ വാരാണസിയും സ്മാര്‍ട്ട് സിറ്റിയാവും.

അജ്മീര്‍, കോട്ട (രാജസ്ഥാന്‍), ആഗ്ര, കാണ്‍പുര്‍ (യു.പി), ഒൗറംഗാബാദ്, നാഗ്പുര്‍, നാസിക്, താനെ, കല്യാണ്‍-ഡോംബിവിലി (മഹാരാഷ്ട്ര), ഗ്വാളിയോര്‍, ഉജ്ജയിന്‍ (മധ്യപ്രദേശ്), ഹുബ്ളി-ധാര്‍വാഡ്, ഷിവമോഗ, മംഗളൂരു, തുംകൂരു (കര്‍ണാടക), ബറോഡ (ഗുജറാത്ത്), തിരുപ്പതി (ആന്ധ്ര), മധുര, സേലം, തഞ്ചാവൂര്‍, വെല്ലൂര്‍ (തമിഴ്നാട്), റൂര്‍ക്കല (ഒഡിഷ), കൊഹിമ (നാഗാലാന്‍ഡ്), നാംച്ചി (സിക്കിം) എന്നിവയാണ് മറ്റു പുതിയ സ്മാര്‍ട്ട് സിറ്റികള്‍. ഈ നഗരങ്ങള്‍ക്കായി 66,883 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ നഗരങ്ങളുടെ നവോത്ഥാനത്തിന് സ്മാര്‍ട്ട് സിറ്റി പദ്ധതി വഴിയൊരുക്കിയതായി മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡ്, ജമ്മു-കശ്മീര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ്, ദാമന്‍-ദിയു, ദാദ്ര-നാഗര്‍ഹവേലി എന്നിവിടങ്ങളില്‍നിന്ന് ഒരു നഗരവും ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.