ഉറി ഭീകരാക്രമണം: കേന്ദ്രമന്ത്രിസഭാ സമിതിയുടെ അടിയന്തരയോഗം ഇന്ന്

ന്യൂഡൽഹി: ഉറി തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ വിഷയത്തിലുള്ള കാബിനറ്റ് സമിതി ഇന്ന് യോഗം ചേരും. അതിര്‍ത്തിയിലെ നുഴഞ്ഞ് കയറ്റ ഭീഷണി നേരിടാനുള്ള നടപടികളും സുരക്ഷാ ക്രമീകരണങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ബഹിഷ്ക്കരിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ട്.

ഉറിയിലെ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ജനരോഷവും സൈനികരോഷവും എങ്ങിനെ അതിജീവിക്കുമെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാനചോദ്യം. തിരിച്ചടിക്കാനുള്ള വഴികളും സുരക്ഷാ സാഹചര്യങ്ങളും ചര്‍ച്ചചെയ്യാണ് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചിട്ടുള്ളത്. അതിനിടെ കാശ്മീരില്‍ ഇന്നലെ ഉണ്ടായ രണ്ട് ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി.

പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഉറി ആക്രമണം നടന്ന് രണ്ട് ദിവസത്തിനകം മൂന്ന് വ്യത്യസ്ത ആക്രമണങ്ങളാണ് കാശ്മീരിലെ പാക് അതിര്‍ത്തിയില്‍ നടന്നത്. ഇന്നലെ മാത്രം രണ്ട് നുഴഞ്ഞ് കയറ്റ ശ്രമങ്ങളെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. അതിര്‍ത്തിയിലും പ്രധാന സൈനിക കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കേണ്ടതിന്‍റെ അനിവാര്യതയാണ് ഇത് കാണിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. ഇക്കാര്യമയാരിക്കും പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലെ പ്രധാന അജണ്ട.

പാക് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ ഏത് തരത്തില്‍ നേരിടണം എന്നത് സംബന്ധിച്ച തുടര്‍ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടായേക്കും. ഉറി ആക്രമണത്തില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.