വെല്ലുവിളികള്‍ നേരിടാന്‍ ‘സമാജ് വാദി പരിവാര്‍’ –അഖിലേഷ്

ലഖ്നോ: വര്‍ഗീയ ശക്തികളുടെ നീക്കം ഉള്‍പ്പെടെ ഏതു വെല്ലുവിളികളും നേരിടാന്‍ ‘സമാജ്വാദി പരിവാര്‍’ പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പാര്‍ട്ടിയില്‍ അടുത്തിടെ അരങ്ങേറിയ കലാപങ്ങളും പുറത്താക്കലും ഉണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടിക്ക് കരുത്തുറ്റ മുഖം നല്‍കാനുമാണ് ഐക്യം അഖിലേഷ് മുന്നോട്ടുവെക്കുന്നത്. സമാജ്വാദി പരിവാര്‍ ഐക്യം നേരത്തേ ഉണ്ടായിരുന്നുവെന്നും വരുംദിനങ്ങളില്‍ ഇത് ശക്തിപ്പെടുമെന്നും സംസ്ഥാനത്തിനും സര്‍ക്കാറിനും മുന്നിലുള്ള വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് എം.എല്‍.സിമാരടക്കം ഏഴ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് ഒരു ദിവസത്തിനുശേഷമാണ്  മുഖ്യമന്ത്രിയുടെ നീക്കം. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ കുടുംബ കലഹത്തിനിടയാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍,  എല്ലാ നേതാക്കളുമായും പാര്‍ട്ടി ഭാരവാഹികളുമായും മറ്റും ചര്‍ച്ച നടത്തുമെന്നും പാര്‍ട്ടിയില്‍ ഒരു പ്രശ്നവും ഇല്ളെന്നും അഖിലേഷ് പറഞ്ഞു.  അഖിലേഷുമായി ഉടക്കിയ ഇളയച്ഛനും പാര്‍ട്ടി നേതാവുമായ ശിവപാല്‍ സിങ് യാദവിനെ സംസ്ഥാന പ്രസിഡന്‍റായി മുലായം സിങ് യാദവ്  നിയോഗിച്ചിരുന്നു. അഖിലേഷുമായി അടുപ്പമുള്ളവരെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തുന്ന നടപടികള്‍ക്കെതിരെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധമാണ് ഈ ദിവസങ്ങളില്‍ ഉയര്‍ന്നത്. മുന്‍നിര നേതാക്കള്‍ രാജിവെക്കുകയും ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.