ന്യൂനപക്ഷ മന്ത്രാലയ ഓഫിസ് ഇനി സംഘ് ആചാര്യന്‍െറ പേരില്‍

ന്യൂഡല്‍ഹി: ഉറിയിലെ ഭീകരാക്രമണവും കശ്മീരിലെ പ്രതിസന്ധിയും നേരിടാന്‍ മാര്‍ഗമറിയാതെ ഇരുട്ടില്‍ തപ്പുന്നതിനിടെ തലസ്ഥാനത്ത് തിരക്കിട്ട് നടക്കുന്നത് കെട്ടിടങ്ങളുടെയും റോഡുകളുടെയും പേരുമാറ്റത്തിനായുള്ള ഒരുക്കങ്ങള്‍. ചൊവ്വാഴ്ച ഒരു മന്ദിരത്തിന്‍െറ പേരുമാറ്റം ഒൗദ്യോഗികമായി നിര്‍വഹിക്കുകയും ചെയ്തു.

ന്യൂനപക്ഷ മന്ത്രാലയം സ്ഥിതി ചെയ്യുന്ന പര്യാവരണ്‍ ഭവന്‍ ഇനിമേല്‍ സംഘ്പരിവാര്‍ ആചാര്യന്‍ പണ്ഡിറ്റ് ദീന ദയാല്‍ ഉപാധ്യായയുടെ പേരിലാണ് അറിയപ്പെടുക. പണ്ഡിറ്റ് ദീനദയാല്‍ അന്ത്യോദയ ഭവന്‍ എന്നു പേരുമാറ്റുന്ന കര്‍മം കേന്ദ്രമന്ത്രി എം. വെങ്കയ്യനായിഡു നിര്‍വഹിച്ചു. അവസാനത്തെ ആളും മുന്നേറണം എന്ന ഉപാധ്യായയുടെ സന്ദേശമാണ് അന്ത്യോദയ എന്നതെന്നും ഇത് ന്യൂനപക്ഷ മന്ത്രാലയത്തിന് ഏറ്റവും യോജിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി മന്ത്രാലയം കൂടി പ്രവര്‍ത്തിച്ചിരുന്ന സി.ജി.ഒ കോംപ്ളക്സിലെ ഈ കെട്ടിടത്തിന് നേരത്തെ പര്യാവരണ്‍ ഭവന്‍ എന്നായിരുന്നു പേര്. മുന്‍മന്ത്രി നജ്മ ഹിബത്തുല്ലയാണ് പേരുമാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതെന്നും വെങ്കയ്യ പറഞ്ഞു.

 പ്രധാനമന്ത്രിയുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്ന റേസ്കോഴ്സ് റോഡിന്‍െറ പേരുമാറ്റുന്നതിനെച്ചൊല്ലിയാണ് മറ്റൊരു മുറവിളി. ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കാത്ത ഈ പേര് മാറ്റണമെന്ന് ന്യൂഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ മീനാക്ഷി ലേഖിയാണ് ആവശ്യമുയര്‍ത്തിയിരിക്കുന്നത്. ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായി അദ്ദേഹത്തിന്‍െറ സന്ദേശം ഉള്‍ക്കൊണ്ട് ഏകാത്മ മാര്‍ഗ് എന്നു പേരുമാറ്റണമെന്നാവശ്യപ്പെട്ട് ലേഖി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്. എന്നാല്‍, സംഘ്പരിവാറിന്‍െറ താല്‍പര്യപ്രകാരം പേരുമാറ്റാന്‍ സമ്മതിക്കില്ളെന്ന് പ്രഖ്യാപിച്ച് ആം ആദ്മി രംഗത്തുണ്ട്. പേരുമാറ്റണമെങ്കില്‍ തന്നെ രാജ്യത്തിന്‍െറ വീരജവാന്മാരുടെ ഓര്‍മക്കുവേണ്ടിയാകണമെന്ന് എം.എല്‍.എയും മുന്‍ കമാന്‍ഡോയുമായ സുരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. അക്ബര്‍ റോഡിന്‍െറ പേ ര് മഹാറാണ പ്രതാപ് മാര്‍ഗ് എന്നാക്കണമെന്ന ആവശ്യവും സംഘ്പരിവാര്‍ വീണ്ടും കുത്തിപ്പൊക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.