ഒരു ബിരിയാണിക്കും 100 രൂപക്കും വേണ്ടി ഭാഗ്യ കത്തിച്ചത് 42 ബസുകൾ

ബംഗളൂരു: സെപ്തംബർ 12ന് ബംഗളുരുവിൽ ഉണ്ടായ അക്രമ സംഭവങ്ങൾക്കിടെ ബസുകൾക്ക് തീകൊളുത്തിയത് 22 കാരിയാണെന്ന് സൂചന.  സെപ്തംബർ 12 സംഘർഷത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 11 അക്രമികളിലെ ഏകവനിതയാണ് സി. ഭാഗ്യ. തമിഴ്നാട്ടുകാരനായ ബസുടമയുടെ ബസുകൾ പാർക്ക് ചെയ്ത ഇടത്തു സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തത്. ഭാഗ്യയാണ് അക്രമികളെയും കൂട്ടി സ്ഥലത്തെത്തിയത് എന്നാണ് ജീവനക്കാർ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ വ്യക്തമാക്കുന്നതെന്ന് പൊലീസ് നൽകുന്ന സൂചന.

100 രൂപയും മട്ടൻ ബിരിയാണിയും വാഗ്ദാനം ചെയ്താണ് തന്‍റെ മകളെ സുഹൃത്തുക്കൾ അക്രമങ്ങൾക്കായി വിളിച്ചുകൊണ്ടുപോയതെന്ന് ഭാഗ്യയുടെ അമ്മ യെല്ലമ്മ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.എൻ ഗാരേജിനടുത്ത് ഗിരിനഗറിലാണ് ഭാഗ്യ താമസിക്കുന്നത്. സെപ്തംബർ 12 ഉച്ചയോടെ വീട്ടിലെത്തിയ സുഹൃത്തുക്കൾ മകളോട് പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അവരാണ് ബിരിയാണിയും പണവും നൽകാമെന്ന് പറഞ്ഞത്- യെല്ലമ്മ പറഞ്ഞു.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഏകദേശം 400 പേർ ബംഗളൂരുവിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ അക്രമികളിൽ ഒരു സ്ത്രീയെ കാണാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അക്രമിസംഘത്തെ നയിച്ചത് ഭാഗ്യ തന്നെയാണോ എന്ന് വ്യക്തമല്ലെങ്കിലും ബസുകൾക്ക് തീകൊളുത്തിയവരിൽ ഒരാൾ ഭാഗ്യയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി ഭാഗ്യയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് പൊലീസ്.

കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് സെപ്തംബർ 12ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് തമിഴ്നാട്ടുകാരന്‍റെ ഉടമസ്ഥതയിലുള്ള കെ.പി.എൻ ട്രാൻസ്പോർട്ടിന്‍റെ 42 ബസുകൾ അഗ്നിക്കിരയായത്. ഇതുവരെ കര്‍ണാടകയിലുണ്ടായ വ്യാപക പ്രതിഷേധ പ്രക്ഷോഭങ്ങളില്‍ 25000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.