കാവേരി സൂപ്പർവൈസറി കമ്മിറ്റി യോഗം; സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കാവേരി സൂപ്പര്‍വൈസറി കമ്മറ്റി യോഗം ഇന്ന് ചേരും. കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കാവേരി നദീജലം വിട്ടുകൊടുക്കുന്നതുമായി സംബന്ധിച്ച വിവിധ പ്രശ്‌നങ്ങളാണ് യോഗം ചർച്ച ചെയ്യുക.  

കാവേരി നദീജലം സംബന്ധിച്ച് കർണാടകവും തമിഴ്നാടും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ജലകമ്മീഷനും ജലമന്ത്രാലയവും പഠിച്ചുവരികയാണ്. തര്‍ക്കവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 12 ന് യോഗം ചേർന്നിരുന്നുവെങ്കിലും സമവായത്തിലെത്താന്‍ കമ്മറ്റിക്ക് സാധിച്ചിരുന്നില്ല. തുടർന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതിനു ശേഷം തീരുമാനമെടുക്കുന്നതിനായി യോഗം ഇന്നത്തേക്ക് മാറ്റിവെച്ചത്.

യോഗം ചേരുന്ന പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.  കർണാടകയിലെ മാണ്ഡ്യ, ചാമരാജ് നഗര്‍, മൈസൂർ, ബംഗളൂരു തുടങ്ങിയ മേഖലകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സെന്‍ട്രല്‍ റേഞ്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. കര്‍ണാടകയിലുണ്ടായ വ്യാപക പ്രതിഷേധ പ്രക്ഷോഭങ്ങളില്‍ 25000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

കാവേരിയില്‍ നിന്നും 15000 ഘന അടിജലം തമിഴ്‌നാടിന് വിട്ടുനല്‍കാന്‍ കര്‍ണാടകയോട് സുപ്രീംകോടതി ഈ മാസം അഞ്ചിന് ഉത്തരവിട്ടിരുന്നു. പിന്നീട് ജലത്തിന്റെ അളവ് 12000 ഘന അടിയായി ഭേദഗതി ചെയ്തു. ഇതിനെ തുടര്‍ന്ന് കര്‍ണാടകയിലും തമിഴ്‌നാടിലും പ്രതിഷേധങ്ങള്‍ വ്യാപകമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.