കാവേരി നദീജല പ്രശ്നം: പ്രതിഷേധത്തില്‍ മുങ്ങി ആഘോഷങ്ങള്‍

ബംഗളൂരു: കാവേരി നദീജല പ്രശ്നത്തില്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് അക്രമം വ്യാപിച്ചതോടെ പെരുന്നാള്‍-ഓണം ആഘോഷങ്ങള്‍ പ്രതിഷേധത്തില്‍ മുങ്ങി. ചൊവ്വാഴ്ചത്തെ ബലിപെരുന്നാള്‍ ആഘോഷത്തെയാണ് ഇത് ഏറെ ബാധിച്ചത്. ബുധനാഴ്ച വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നെങ്കിലും ഈദ്ഗാഹുകള്‍ക്ക് ഇളവ് നല്‍കിയിരുന്നു. എന്നാല്‍, അപ്രഖ്യാപിത ബന്ദ് കാരണം കടകള്‍ അടഞ്ഞുകിടക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങാതിരിക്കുകയും ചെയ്തതോടെ ആഘോഷത്തിന്‍െറ പൊലിമ കുറഞ്ഞു.

വിവിധ സംഘടനകള്‍ നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കുകയും ചെയ്തു. ഇതോടെ ആഘോഷം ഏറെക്കുറെ വീടുകളിലൊതുങ്ങി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട് സന്ദര്‍ശനം പോലും നടന്നില്ല. പല കുടുംബങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രപോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും റദ്ദാക്കി.
ഓണാഘോഷത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള മലയാളികളുടെ മോഹത്തിനും അക്രമങ്ങള്‍ തിരിച്ചടിയായി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ കേരള-കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകളും സ്വകാര്യ ബസുകളും പകല്‍ സര്‍വിസുകള്‍ റദ്ദാക്കിയതാണ് യാത്രക്കാരെ വലച്ചത്. പലരും ആഴ്ചകള്‍ക്കുമുമ്പ് തന്നെ ടിക്കറ്റ് ഉറപ്പുവരുത്തി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് 12ന് മുമ്പ് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട ബസുകള്‍ മാണ്ഡ്യ, ചെന്നപട്ടണം എന്നിവിടങ്ങളില്‍ സമരക്കാര്‍ തടഞ്ഞിട്ടു. പ്രതിഷേധം തണുത്ത ശേഷമാണ് ഇവ വിട്ടയച്ചത്. രാത്രി സര്‍വിസുകളില്‍ ബുക് ചെയ്ത കേരള ആര്‍.ടി.സി യാത്രക്കാരെ നാലു ബസുകളിലായി ഹാസന്‍ വഴി കാസര്‍കോട്ടത്തെിച്ചു. ഇവരുടെ തുടര്‍യാത്രക്കും സൗകര്യം ഒരുക്കി. കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആര്‍.ടി.സി ബസുകള്‍ മൈസൂരു വരെയേ സര്‍വിസ് നടത്തിയുള്ളൂ. ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കാത്തവരും ട്രെയിന്‍ സര്‍വിസ് ഇല്ലാത്ത പ്രദേശങ്ങളിലുള്ളവരുമാണ് ബസുകള്‍ റദ്ദാക്കിയതുമൂലം ഏറെ വലഞ്ഞത്. എന്നാല്‍, ചൊവ്വാഴ്ച രാത്രി ഒമ്പതിന് കേരള ആര്‍.ടി.സിയുടെ 32 ബസുകള്‍ ഒന്നിച്ച് പുറപ്പെട്ടതും രണ്ട് പ്രത്യേക ട്രെയിന്‍ സര്‍വിസുകള്‍ നടത്തിയതും യാത്രക്കാര്‍ക്ക് അനുഗ്രഹമായി.

ബംഗളൂരു നഗരത്തില്‍ അപ്രഖ്യാപിത ബന്ദിന്‍െറ പ്രതീതിയായിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടന്നു. കര്‍ണാടക ആര്‍.ടി.സി, ബംഗളൂരു മെട്രോപൊളിറ്റര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍, ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ബസുകള്‍ എന്നിവയൊന്നും ഉച്ചവരെ നിരത്തിലിറങ്ങിയില്ല. അപൂര്‍വം ബസുകള്‍ പൊലീസ് സംരക്ഷണത്തോടെ ഉച്ചയോടെ സര്‍വിസ് നടത്തിയെങ്കിലും അക്രമം ഭയന്ന് യാത്രക്കാരില്ലായിരുന്നു. ഏതാനും ഓട്ടോകളും ടാക്സി കാറുകളും സര്‍വിസ് നടത്തിയെങ്കിലും വന്‍ തുക ഈടാക്കി യാത്രക്കാരെ പിഴിഞ്ഞതായി വ്യാപക പരാതിയുയര്‍ന്നു. ഇരുചക്ര വാഹനങ്ങളടക്കമുള്ള സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു.

ഓണം-പെരുന്നാള്‍ വിപണിയെയും അക്രമസംഭവങ്ങള്‍ കാര്യമായി ബാധിച്ചു. അക്രമം ഭയന്ന് പലയിടത്തും തിങ്കളാഴ്ച ഉച്ചയോടെ തന്നെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നു. മലയാളികളുടെ ടെക്സ്റ്റൈല്‍, ഫൂട്ട്വെയര്‍, ഫാന്‍സി, പച്ചക്കറി, പഴം സ്ഥാപനങ്ങളെയും മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഓണച്ചന്തകളെയുമെല്ലാം പ്രതിഷേധം ബാധിച്ചു. നഗരത്തിലെ വിവിധ മലയാളി സംഘടനകള്‍ നിശ്ചയിച്ച ഓണാഘോഷ പരിപാടികളെ പ്രക്ഷോഭം ബാധിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.