കൂട്ടമാനഭംഗത്തിനുശേഷം ബിരിയാണിയിലെ ബീഫിലേക്ക്

ഡിംഗര്‍ ഹെഡിയില്‍ കൊലയും കൊള്ളയും കൂട്ടമാനഭംഗവും നടത്തിയ ഗോരക്ഷാ പ്രവര്‍ത്തകരില്‍ ബാക്കിയുള്ളവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കാല്‍ലക്ഷത്തില്‍പരം പേര്‍ തെരുവിലിറങ്ങിയപ്പോള്‍ പ്രതികള്‍ക്ക് പകരം മേവാത്തിലെ ബിരിയാണിക്കടകളില്‍ ബീഫ് തിരയാന്‍ പൊലീസിനെ വിടുന്നതാണ് മേവാത്തുകാര്‍ കണ്ടത്. മേവാത്ത് ആക്രമണത്തിന്‍െറ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് ബലിപെരുന്നാള്‍ അസ്വസ്ഥപൂര്‍ണമാക്കുന്നതിന് വഴിയൊരുക്കുന്ന ബിരിയാണി സര്‍ക്കുലറുമായി ഹരിയാന സര്‍ക്കാര്‍ രംഗത്തുവന്നത്. ഈമാസം ഒന്നിന് നടന്ന മഹാപഞ്ചായത്തിനേക്കാളും എട്ടിന് നടന്ന പ്രതിഷേധറാലിയേക്കാളും ഡിംഗര്‍ ഹെഡി ആക്രമണക്കേസ് മേവാത്ത് ജില്ലാ ബാര്‍ അസോസിയേഷന്‍ നേരിട്ട് ഏറ്റെടുത്തതാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറിനെ പ്രകോപിപ്പിച്ചത്. ബാര്‍ അസോസിയേഷന്‍ കേസ് ഏറ്റെടുത്തപ്പോഴാണ് കൊലക്കുറ്റമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ഒഴിവാക്കി കേസ് ദുര്‍ബലപ്പെടുത്തുന്നത് കണ്ടുപിടിച്ചത്. സുപ്രീംകോടതി വരെ സ്വന്തം ചെലവില്‍ വക്കീലിനെവെച്ച് കേസ് നടത്തുമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ആബിദ് ഖാന്‍ പറഞ്ഞു. ബാക്കി പ്രതികളെ പിടികൂടണമെന്നും ഇരകള്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ചണ്ഡിഗഢില്‍ പോയി മനോഹര്‍ ലാല്‍ ഖട്ടറിനെ കണ്ട പ്രതിനിധിസംഘത്തെ നയിച്ചതും ബാര്‍ അസോസിയേഷനായിരുന്നു.

ഗോരക്ഷകരുടെ ആക്രമണത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചുവരുന്നതിനിടയിലാണ് മേവാത്തിലെ ബിരിയാണിയില്‍ ബീഫുണ്ടെന്ന് നിരവധി പരാതി ലഭിച്ചിട്ടുണ്ടെന്നും വ്യാപക തിരച്ചില്‍ നടത്തി വഴിയോരവില്‍പനക്കാരെ പിടികൂടുമെന്നും പറഞ്ഞ് ആരോഗ്യമന്ത്രി അനില്‍ വിജും ഹരിയാന പൊലീസും രംഗത്തത്തെുന്നത്. 79 ശതമാനം മുസ്ലിംകളുള്ള മേവാത്തിനെ ഭീതിയിലാഴ്ത്തി, ബലിപെരുന്നാള്‍ പ്രമാണിച്ച് മേവാത്തിലെ കടകളിലും വീടുകളിലും പരിശോധന നടത്തുമെന്ന്് അറിയിച്ച് സര്‍ക്കുലറും സര്‍ക്കാര്‍ ഇറക്കി. പോത്തിറച്ചികൊണ്ട് ബിരിയാണിവെച്ച് 10ഉം 15ഉം രൂപക്ക് വഴിയോരങ്ങളില്‍ വിറ്റഴിച്ചുകൊണ്ടിരുന്ന മേവാത്തുകാരുടെ ചെമ്പുകളിലെല്ലാം പൊലീസും ആരോഗ്യവകുപ്പം വന്ന് കൈയിട്ടുവാരുകയാണിപ്പോള്‍. പരിശോധനപോലും നടത്താതെ വില്‍ക്കുന്നത് ബീഫ് തന്നെയാണെന്ന് വിധിയെഴുതി ബിരിയാണിയും പാത്രങ്ങളുമെല്ലാം നശിപ്പിച്ചിട്ടാണ് പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തിരിച്ചുപോകുന്നത്.
ഈ വര്‍ഷമാദ്യത്തില്‍ മേവാത്തില്‍ നടന്ന ആര്‍.എസ്.എസ് ക്യാമ്പിനുശേഷമാണ് മേവാത്തില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് ഡിംഗര്‍ ഹെഡിയിലുള്ളവര്‍ പറയുന്നു. ഇതിനുശേഷം ഏപ്രിലിലാണ് ആര്‍.എസ്.എസില്‍ ചേര്‍ന്നതെന്ന് മേവാത്ത് ആക്രമണക്കേസില്‍ അറസ്റ്റിലായ പ്രതി രാഹുല്‍ വര്‍മ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നുമുണ്ട്.

(അവസാനിച്ചു)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.