എം.എല്‍.എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരാക്കാനുള്ള ആപ് സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരായ 21 പേരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിക്കാനുള്ള അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിന്‍െറ തീരുമാനത്തിന് തിരിച്ചടി. ഡല്‍ഹി ഹൈകോടതിയാണ് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുവാദമില്ലാതെ ഉത്തരവ് നടപ്പാക്കുന്നത് റദ്ദാക്കിയത്. കേന്ദ്രഭരണപ്രദേശമായ തലസ്ഥാനനഗരിയുടെ ഭരണാധികാരി ലഫ്റ്റനന്‍റ് ഗവര്‍ണറാണെന്ന നിരീക്ഷണം കോടതി നേരത്തേ നടത്തിയിരുന്നു. ഭരണഘടനാപരമായ കാര്യങ്ങളില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അവിഭാജ്യഘടകമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ജി. രോഹിണി ഉള്‍പ്പെട്ട ബെഞ്ച് ആപ് സര്‍ക്കാറിന്‍െറ തീരുമാനം റദ്ദാക്കി ഉത്തരവിട്ടത്.
21 എം.എല്‍.എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിക്കുന്നത് ഭരണനിര്‍വഹണം സുഗമമാക്കുന്നതിന് വേണ്ടിയാണെന്നും 2015 മാര്‍ച്ച് 13ന് 21 നിയമസഭാ സമാജികരെ പാര്‍ലമെന്‍റ് സെക്രട്ടറിമാരായി നിയമിച്ചത് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണെന്നും ഡല്‍ഹി സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.  
പാര്‍ലമെന്‍ററി സെക്രട്ടറിമാരെ നിയമിക്കുന്നതിന് അരവിന്ദ് കെജ്രിവാളിന് നിയമപരമായും ഭരണഘടനാപരമായും അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ മുക്തി മോര്‍ച്ച സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേട്ടശേഷമാണ് ഹൈകോടതി നിയമനം റദ്ദാക്കി ഉത്തരവിട്ടത്.  നേരത്തേ കെജ്രിവാളിന്‍െറ ഈ തീരുമാനം ഏറെ കോളിളക്കങ്ങള്‍ക്കിടയാക്കിയിരുന്നു. ഇരട്ടപദവി സംബന്ധിച്ച് വിവാദമുയര്‍ന്നതോടെ നിയമനത്തിന് അംഗീകാരം നല്‍കാന്‍ രാഷ്ട്രപതിയും തയാറായില്ല.
എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലെ സമാന അവസ്ഥ ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്കെതിരെ പ്രസ്താവനകളുമായിറങ്ങിയത് രാഷ്ട്രീയവിവാദത്തിനും വഴിയൊരുക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.