കെജ്രിവാളിനു വേണ്ടത് റാന്‍മൂളികളെ -സിദ്ദു

ന്യൂഡല്‍ഹി:  മുന്‍ ക്രിക്കറ്റര്‍ നവ്ജ്യോത് സിങ് സിദ്ദു രൂപവത്കരിച്ച പുതിയ പാര്‍ട്ടി നിലവില്‍ വന്നു. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനാകുമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചാണ് ആവാസെ പഞ്ചാബ് (പഞ്ചാബിന്‍െറ ശബ്ദം) എന്ന പുതിയ കൂട്ടായ്മയുടെ ക്യാപ്റ്റനായി സിദ്ദു വീണ്ടും തെരഞ്ഞെടുപ്പ് ക്രീസിലിറങ്ങുന്നത്. ആം ആദ്മി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി നടത്തിയ ചര്‍ച്ചകള്‍ ഫലംകാണാത്തതാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ കാരണമെന്ന് ചണ്ഡിഗഢില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. തന്നോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും ആപ് ജയിച്ചാല്‍ ഭാര്യയെ മന്ത്രിയാക്കാമെന്നുമാണ് കെജ്രിവാള്‍ പറഞ്ഞതെന്നും അദ്ദേഹത്തിന് റാന്‍മൂളികളെ മാത്രമാണ് ആവശ്യമെന്നും സിദ്ദു വിമര്‍ശിച്ചു. 
തന്‍േറത് രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് കൂട്ടായ്മയാണ്. പഞ്ചാബിനു വിജയം, പഞ്ചാബിയത്തിന് വിജയം, പഞ്ചാബികള്‍ക്കു വിജയം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന സംഘടന പഞ്ചാബിന്‍െറ പുനര്‍നിര്‍മാണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്‍കാലങ്ങളില്‍ മികച്ച കായികതാരങ്ങളെ സംഭാവന ചെയ്ത പഞ്ചാബിലെ ചെറുപ്പക്കാര്‍ ഇന്ന് ലഹരിക്ക് അടിപ്പെട്ടിരിക്കുകയാണെന്നും ആ ശാപത്തില്‍നിന്ന് നാടിനെ മോചിപ്പിക്കുമെന്നും സിദ്ദു പറഞ്ഞു.
ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും കഴിഞ്ഞ മാസം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട അകാലിദള്‍ എം.എല്‍.എയുമായ പര്‍ഗത് സിങ്, ലുധിയാനയില്‍ മികച്ച സ്വാധീനമുള്ള സ്വതന്ത്ര എം.എല്‍.എ സഹോദരന്മാരായ ബല്‍വീന്ദര്‍ സിങ് ബയിന്‍സ്, സിമ്രജീത് സിങ് ബയിന്‍സ്  എന്നിവരും വാര്‍ത്താസമ്മേളനവേദി പങ്കിട്ടു. നിലവിലെ നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എയായ സിദ്ദുവിന്‍െറ ഭാര്യ നവ്ജ്യോത് കൗര്‍ വൈകാതെ രാജിവെച്ച് ആവാസെ പഞ്ചാബില്‍ ചേരും. ആം ആദ്മിയില്‍നിന്ന് പുറത്താക്കപ്പെട്ട നേതാക്കളും അവരുടെ അനുയായികളും സിദ്ദുവിനൊപ്പം ചേരുമെന്നും ഉറപ്പായിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.