സാകിര്‍ നായിക് വിഷയത്തില്‍ സസ്പെന്‍ഷന്‍: ആഭ്യന്തര മന്ത്രാലയത്തില്‍ അതൃപ്തി

ന്യൂഡല്‍ഹി:  ഡോ. സാകിര്‍ നായികിന്‍െറ  നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറ എഫ്.ആര്‍.സി.എ രജിസ്ട്രേഷന്‍ പുതുക്കി നല്‍കിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതില്‍ സഹപ്രവര്‍ത്തകര്‍ക്ക് അതൃപ്തി. സസ്പെന്‍ഡ് ചെയ്യപ്പെട്ട ജോ. സെക്ര ജി.കെ. ദ്വിവേദിയുടെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുമ്പാകെ അറിയിച്ചതായാണ് വിവരം.

സാകിര്‍ നായികിനും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനുമെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നതിനിടെ, രജിസ്ട്രേഷന്‍ പുതുക്കിനല്‍കി എന്ന കുറ്റം ചുമത്തിയാണ് ദ്വിവേദി, അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള രണ്ടുപേര്‍, ഒരു സെക്ഷന്‍ ക്ളര്‍ക് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.  നിയമപ്രകാരമുള്ള എല്ലാ രേഖകളും സമര്‍പ്പിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുകയെന്ന സ്വാഭാവിക നടപടി സ്വീകരിച്ചതിന്‍െറ പേരിലുള്ള ശിക്ഷ  കടുത്തതായിപ്പോയെന്നാണ് സഹപ്രവര്‍ത്തകരുടെ പരിഭവം.  

അതേസമയം, സാകിര്‍ നായികിനോടുള്ള സര്‍ക്കാറിന്‍െറ നിലപാട് കണക്കിലെടുക്കാതെ തീരുമാനമെടുത്ത ഉദ്യോഗസ്ഥരുടെ നടപടി ശിക്ഷാര്‍ഹമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അതിനിടെ,  ഇസ്ലാമിക റിസര്‍ച് ഫൗണ്ടേഷന്‍ വിദേശത്തുനിന്ന് സഹായം സ്വീകരിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.