നേതാവിനെ പുറത്താക്കിയ നടപടി: രാജിക്കൊരുങ്ങി 400 ആർ.എസ്.എസ് പ്രവർത്തകർ

പനാജി: ഗോവയിലെ ആർ.എസ്.എസ് നേതാവിനെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധവുമായി സ്വയം സേവകർ രംഗത്ത്. 400 ആർ.എസ്.എസ് പ്രവർത്തകരാണ് ഗോവ ആർ.എസ്.എസ് പ്രവർത്തകൻ സുഭാഷ് വെലിങ്കറിനെ പുറത്താക്കിയതിനെതിരെ രാജി പ്രഖ്യാപനം നടത്തിയത്. ആർ.എസ്.എസ് ജില്ലാ, സബ്ജില്ല, ശാഖാ തലവൻമാരും രാജിപ്രഖ്യാപിച്ചവരിൽ ഉൾപ്പെടും. ആർ.എസ്-ബി.ജെ.പി നേതാക്കളുമായി ആറു മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രവർത്തകർ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ചർച്ചക്കെത്തിയവരിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ഉൾപ്പെട്ടിരുന്നു.

വെലിങ്കറിനെ തിരിച്ചെടുത്തില്ലെങ്കിൽ രാജിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ആർ.എസ്.എസ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ഗോവ സന്ദര്‍ശനത്തിനിടെ വെലിങ്കറിന്‍്റെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവമാണ് പുറത്താക്കൽ നടപടിക്ക് പിന്നിൽ. ആര്‍.എസ്.എസ് കൂടാതെ മറ്റൊരു രാഷ്ട്രീയ സംഘടനക്ക് വെലിങ്കര്‍ നേതൃത്വം നല്‍കുവെന്നത് വ്യക്തമായ സാഹചര്യത്തിലാണ് പുറത്താക്കുന്നതെന്നാണ് വിശദീകരണം.

ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വെലിങ്കര്‍ പരസ്യമായി പ്രതികരിക്കുകയും സംസ്ഥാനത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍്റ് വിതരണം ചെയ്യുന്നതിനെതിരെ പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്‍്റെ നേതൃത്വത്തിലാണ് സര്‍ക്കാറിനെതിരെ പ്രചരണപരിപാടി നടത്തിയത്. ഭോപ്പാലില്‍ നടന്ന ആര്‍.എസ്.എസ് നേതൃയോഗത്തില്‍ അമിത് ഷാ ഈ വിഷയം ഉയര്‍ത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.

ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിനെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്നും 2017 ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.