പാകിസ്താനെതിരായ വൈറ്റ് ഹൗസ് പെറ്റീഷന്‍ റെക്കോഡിലേക്ക്

വാഷിങ്ടണ്‍:  പാകിസ്താനെ ഭീകരതയെ  സഹായിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വൈറ്റ് ഹൗസ് പെറ്റീഷന്‍ റെക്കോഡിലേക്ക്. പുതുതായി 51939  ഒപ്പുകൂടി ലഭിച്ചതോടെ ഏറ്റവും ജനപിന്തുണയാര്‍ജിച്ച ഹരജിയായി മാറി ഇത്. ‘പാകിസ്താനെ ഭീകരതയെ സഹായിക്കുന്ന രാഷ്ട്രമായി ഭരണകൂടം പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍,  ജനങ്ങള്‍  ആവശ്യപ്പെടുന്നു’  എന്നാണ് ഹരജിയിലെ ആവശ്യം. എച്ച്. ആര്‍ 6069 എന്ന നമ്പറില്‍   അറിയപ്പെടുന്ന ബില്ലിന്‍െറ പശ്ചാത്തലത്തിലാണ് പാകിസ്താനെതിരെ ഒപ്പുശേഖരണം.

തിങ്കളാഴ്ച വരെ  613830  ഒപ്പാണ് ലഭിച്ചതെങ്കില്‍ പിന്നീട് ഇത് 6,65,769 ആയി കുതിച്ചുയര്‍ന്നു. ഇതിനു മുമ്പുണ്ടായ വൈറ്റ് ഹൗസ് പെറ്റീഷനുകളിലൊന്നും 3,50,000ല്‍ കൂടുതല്‍ ഒപ്പ് കിട്ടിയിരുന്നില്ല. വൈറ്റ് ഹൗസ് പെറ്റീഷനില്‍ യു.എസ് സര്‍ക്കാര്‍ പ്രതികരിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു ലക്ഷം ഒപ്പുവേണം. 60 ദിവസത്തിനകം പെറ്റീഷനെക്കുറിച്ച് വൈറ്റ് ഹൗസിന്‍െറ ഒൗദ്യോഗിക പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആര്‍.ജി എന്ന ഇനിഷ്യലില്‍ സ്വയം പരിചയപ്പെടുത്തിയ ആളാണ് സെപ്റ്റംബര്‍ 21ന് പ്രചാരണത്തിനായി പെറ്റീഷന് തുടക്കമിട്ടത്.

കോണ്‍ഗ്രസ് അംഗങ്ങളായ ടെഡ് പോ, ഡാന റോറബര്‍ എന്നിവര്‍ യു.എസ് പ്രതിനിധിസഭയില്‍  പാകിസ്താനെതിരെ ബില്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് പാക് വിരുദ്ധ പ്രചാരണവുമായി ജനങ്ങളില്‍നിന്ന് ഒപ്പുശേഖരണം ആരംഭിച്ചത്. ഒരാഴ്ചക്കകം ഒരു ലക്ഷം ഒപ്പുനേടി പെറ്റീഷന്‍  ശ്രദ്ധ നേടി.
‘പാകിസ്താന്‍െറ അധിനിവേശത്തില്‍നിന്ന്  ബലൂചിസ്താനെ  മോചിപ്പിക്കണമെന്ന’ ആവശ്യവുമായി അമേരിക്കയിലെ ബലൂച്  ജനതയും പെറ്റീഷന് തുടക്കമിട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.