സാര്‍ക് രാജ്യങ്ങള്‍ പ്രവിശ്യകള്‍ ഭീകരവാദത്തിന് ഉപയോഗപ്പെടുത്തില്ളെന്ന് ഉറപ്പുവരുത്തണമെന്ന് നേപ്പാള്‍

കാഠ്മണ്ഡു: തങ്ങളുടെ അധീനതയിലുള്ള പ്രവിശ്യകള്‍ ഭീകരവാദത്തിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും ഉപയോഗപ്പെടുത്തുന്നില്ളെന്ന് സാര്‍ക് അംഗരാജ്യങ്ങള്‍ നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്ന് ഇപ്പോഴത്തെ അധ്യക്ഷ പദവിയിലുള്ള നേപ്പാള്‍ ആവശ്യപ്പെട്ടു. പാകിസ്താനെ പരോക്ഷമായി കുറ്റപ്പെടുത്തി ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പിന്മാറിയതോടെ ഇസ്ലാമാബാദില്‍ നിശ്ചയിച്ച 19ാമത് സാര്‍ക് ഉച്ചകോടി നടത്താന്‍ കഴിയാത്തതില്‍ ഖേദംപ്രകടിപ്പിച്ച നേപ്പാള്‍, സമാധാനാന്തരീക്ഷവും സ്ഥിരതയും മേഖലയിലെ സഹകരണത്തിന് അത്യന്താപേക്ഷിതമാണെന്നും ചൂണ്ടിക്കാട്ടി. ഭീകരതയെയും ഭീകര പ്രത്യയശാസ്ത്രങ്ങളെയും ശക്തിയായി തള്ളിപ്പറയുന്നതോടൊപ്പം ഭീകരതക്കെതിരായ ആഗോളതലത്തിലുള്ള പോരാട്ടത്തിന് നേപ്പാള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമായും കശ്മീര്‍ ഉറിയിലെ ഭീകരാക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായും ദക്ഷിണേഷ്യന്‍ മേഖലയിലെ എല്ലാതരം ഭീകരപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.നാല് അംഗരാജ്യങ്ങള്‍ പിന്മാറിയതോടെ സാര്‍ക് ഉച്ചകോടി മാറ്റിവെച്ചതായി പാകിസ്താന്‍ അറിയിച്ചിട്ടുണ്ട്.
ഉച്ചകോടി സംഘടിപ്പിക്കുന്നതിനായി അംഗരാജ്യങ്ങളെ സമീപിക്കാനുള്ള ശ്രമങ്ങളില്‍ നേപ്പാള്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രി പ്രകാശ് ശരണ്‍ മഹത് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.