കരാർ ജോലി, ലൈംഗിക തൊഴിൽ, നിർബന്ധിത യാചന–ആധുനിക അടിമത്തം ഇന്ത്യയിൽ കൂടുതൽ

ന്യൂഡൽഹി: അടിമത്തം അവസാനിച്ചെങ്കിലും പുതിയ രൂപത്തിലുള്ള അടിമത്തം ഏറ്റവും കൂടുതൽ നിലനിൽക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്.   1,80,00,000 ജനങ്ങളാണ് ഇന്ത്യയിൽ അടിമകൾക്ക് സമാനമായ ജോലികൾ ചെയ്യുന്നത്. ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ 1.4 ശതമാനമാണെന്ന് ആഗോള അടിമത്ത സൂചിക വ്യക്തമാക്കുന്നു. അടിമത്തമുള്ള 167 രാജ്യങ്ങളിൽ ഇന്ത്യ നാലാമതാണ്. ആസ്ത്രേലിയ ആസ്ഥാമായ മനുഷ്യാവകാശ സംഘടന വോക് ഫ്രീ ഫൗണ്ടേഷനാണ് അടിമത്ത സൂചിക തയാറാക്കിയത്.

പുതിയ രൂപത്തിലുള്ള എല്ലാ അടിമത്തവും ഇന്ത്യയിൽ നിലനിൽക്കുന്നതായി പഠനങ്ങളിൽ ലഭിച്ച കണക്കുകൾ സൂചിപ്പിക്കുന്നതായി ഫൗണ്ടേഷൻ സ്ഥാപകനായ ഗ്രേസ് ഫോറസ്റ്റ് പറയുന്നു. തലമുറകൾ നീണ്ടു നിൽക്കുന്ന കരാർ ജോലികൾ,  ബാല വേല, ലൈംഗിക  വ്യാപാരം, നിർബന്ധിത യാചന, സായുധ സംഘങ്ങളിലേക്കുള്ള നിർബന്ധിത റിക്രൂട്ട്മെൻറ്, നിർബന്ധിത വിവാഹം പോലുള്ള പുതിയ തരം അടിമത്തമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.

ലോകത്ത് ഏകദേശം 45,80,00,000 ജനങ്ങളാണ് പുതിയ തരം അടിമത്തം അനുഭവിക്കുന്നത്. ഇതിൽ 58 ശതമാനത്തോളം  ഇന്ത്യ, ചൈന, പാകിസ്താൻ, ബംഗ്ലാദേശ്, ഉസ്ബക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളിലാണ്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലും 80 ശതമാനം ജനങ്ങൾക്കിടയിലും സർവെ നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന്  വോക് ഫ്രീ ഫൗണ്ടേഷൻ വ്യക്തമാക്കി. സ്വകാര്യ കമ്പനികൾ കരാർ നിയമനം നിയന്ത്രിക്കാൻ നയം രൂപീകരിക്കണമെന്നും ഫൗണ്ടേഷൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.