ഓക്സിജനു പകരം അനസ്തേഷ്യ: ഇന്‍ഡോറില്‍ രണ്ടു കുട്ടികള്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശസ്ത്രക്രിയക്കിടെ ഓക്സിജനു പകരം അനസ്തേഷ്യ നല്‍കി. രണ്ടു കുട്ടികള്‍ മരിച്ചു.  ഇന്‍ഡോറിലെ സര്‍ക്കാറിന്‍റെ കീഴിലുള്ള   മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. ആയുഷ് എന്ന അഞ്ചു വയസുകാരനും  ഒരു വയസുകാരന്‍ രജ് വീറുമാണ് മരിച്ചത്.  

മേയ് 27 നടത്തിയ ഹെര്‍നിയ ശസ്ത്രക്രിയക്കിടെയാണ് ആയുഷ്  മരിച്ചത്. അംഗവൈകല്യം മാറ്റുന്നതിനുള്ള ശസ്ത്രക്രിയക്കിടെ മേയ് 28ന് രജ് വീറും മരിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഓക്സിജന്‍ നല്‍കുന്ന പൈപ്പ് ലൈനിലൂടെ അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന നിട്രസ് ഓക്സൈഡ് നല്‍കിയതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന്  കണ്ടെത്തി.

മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലെ ഓപറേഷന്‍ തിയേറ്റര്‍ മേയ് 24നാണ് ഉദ്ഘാടനം ചെയ്തത്. സ്വകാര്യ കമ്പനിയില്‍ നിന്നുള്ള കരാര്‍ ജീവനക്കാരനാണ് ഓപറേഷന്‍ തിയേറ്ററിലെ വാതക പൈപ്പ് കണക്ഷനുകള്‍ കൈകാര്യം ചെയ്തിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുമിത് ശുക്ള അറിയിച്ചു. വാതക കണക്ഷനുകള്‍ കൈകാര്യം ചെയ്ത രാജേന്ദ്ര ചൗധരി എന്നയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു.

എന്നാല്‍, ആശുപത്രിയിലെ കരാര്‍ ജീവനക്കാരനെതിരെ മാത്രം കേസെടുക്കുകയും  ചികിത്സാ പിഴവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കും ആശുപത്രി സൂപ്രണ്ടിനുമെതിരെ കേസെടുക്കാത്ത നടപടിയിൽ വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.