ന്യൂഡല്‍ഹി: ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങി എല്ലാ മേഖലയിലും സ്തീപ്രാതിനിധ്യവും സമത്വവും ഉറപ്പാക്കാനുതകുന്ന ദേശീയ വനിതാ നയത്തിന്‍െറ കരട് പുറത്തിറങ്ങി. പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി ബില്ലിന്‍െറ കരട് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി വിതരണത്തിലും പട്ടയത്തിലും വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന നയത്തില്‍, സ്ത്രീ വിവേചനം ഒഴിവാക്കാന്‍ പരിശീലിപ്പിക്കുന്ന രീതിയില്‍ പാഠ്യപദ്ധതി പരിഷ്കരിക്കാനും നിര്‍ദേശിക്കുന്നുണ്ട്. വനിതാ സുരക്ഷക്ക് വലിയ പരിഗണന നല്‍കും. സ്വകാര്യ ഭൂമി ഭാര്യയുടെയും ഭര്‍ത്താവിന്‍െറയും പേരില്‍ സംയുക്തമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രത്യേക ഇളവു നല്‍കാനുള്ള ശിപാര്‍ശയും കേന്ദ്രമന്ത്രി മേനക ഗാന്ധി പുറത്തിറക്കിയ കരട് നയത്തിലുണ്ട്.
വിധവകള്‍, അവിവാഹിതകള്‍, വിവാഹബന്ധം വേര്‍പിരിഞ്ഞവര്‍ തുടങ്ങി ഒറ്റക്ക് താമസിക്കുന്ന വനിതകള്‍ക്കായി പ്രത്യേക സാമൂഹികസുരക്ഷാ പദ്ധതി തയാറാക്കും. ഗ്രാമ-പഞ്ചായത്ത്-നഗരസഭാ സമിതികളില്‍ 50 ശതമാനവും പാര്‍ലമെന്‍റിലും നിയമസഭകളിലും 33 ശതമാനവും വനിതാ സംവരണം ഉറപ്പാക്കണം.
പാര്‍ട്ടികളും തൊഴിലാളി സംഘടനകളും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. സ്ത്രീയുടെ പ്രത്യുല്‍പാദന അവകാശം ഉറപ്പാക്കുന്ന നയം, കുടുംബാസൂത്രണ പദ്ധതികള്‍ പുരുഷന്മാരെ കേന്ദ്രീകരിച്ചും വേണമെന്ന് നിര്‍ദേശിക്കുന്നു. മാനസികാരോഗ്യം ഉള്‍പ്പെടെയുള്ള ആരോഗ്യ വിഷയങ്ങള്‍ സംബോധന ചെയ്യും. വൃത്തി, പോഷകാഹാരം, വയോജന ആരോഗ്യ പരിരക്ഷ, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയും ആരോഗ്യ മേഖലയില്‍ നയം നിര്‍ദേശിക്കുന്നു. ഭക്ഷ്യസുരക്ഷയും പോഷകാഹാര വിതരണവും ഉറപ്പാക്കും. പ്രീപ്രൈമറി ക്ളാസുകളിലെ പ്രവേശം മുതല്‍ സ്ത്രീവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും. പെണ്‍കുട്ടികളുടെ സ്കൂള്‍ പ്രവേശം മാത്രമല്ല, കൊഴിഞ്ഞുപോക്ക് ഇല്ളെന്നും ഉറപ്പുവരുത്തും. പീഡനവും വിവേചനവും തടയാന്‍ പരാതി പ്രതികരണ സംവിധാനമുണ്ടാക്കണം. നവീനരീതിയിലെ ഗതാഗത സൗകര്യങ്ങളും ഇതിനായി നിര്‍ദേശിക്കുന്നു.
ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ 10 പരിചയക്കാര്‍ക്ക് വിവരം ലഭിക്കുന്ന രീതിയില്‍ പ്രത്യേക മൊബൈല്‍ ആപ് സ്ത്രീസുരക്ഷക്കായി തയാറാക്കും.
കടക്കെണിമൂലം ജീവനൊടുക്കിയ കര്‍ഷകരുടെ വിധവകളുടെ ജീവിതം പുനര്‍നിര്‍മിക്കാനുതകുന്ന രീതിയില്‍ പദ്ധതിക്ക് രൂപംനല്‍കും. ദുരിതകാലത്ത് സ്ത്രീകള്‍ക്ക് ഭക്ഷ്യധാന്യലഭ്യത ഉറപ്പാക്കാന്‍ വനിതാ സ്വയംസഹായ സംഘങ്ങളുടെ ചുമതലയില്‍ ഭക്ഷ്യ-ധാന്യ ബാങ്ക് രൂപവത്കരിക്കണം. പോഷകാഹാരപ്രശ്നം നേരിടാന്‍ കുഞ്ഞ് ജനിച്ച് 1000 ദിവസം നിര്‍ബന്ധിത പോഷകാഹാര സുരക്ഷ ഉറപ്പാക്കും. ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളിലെല്ലാം വനിതകള്‍ക്ക് ആനുകൂല്യം ഉറപ്പാക്കും. വ്യവസായ മേഖലകളില്‍ വനിതാ പങ്കാളിത്തത്തിന് തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കും. വീട്ടുജോലിക്കാര്‍, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കും.
വനിതകള്‍ക്ക് താമസം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന പാര്‍പ്പിട പദ്ധതി സാര്‍വത്രികമാക്കണമെന്നും കരടുനയം ശിപാര്‍ശ ചെയ്തു. സ്ത്രീസൗഹൃദ വികസനത്തിനും സുരക്ഷിതമായ അടിസ്ഥാനസൗകര്യത്തിനുമായി പ്രാദേശിക ഭരണസമിതികള്‍ 10 ശതമാനം ബജറ്റ് വിഹിതം വകയിരുത്തണം. ഈ നയത്തിലെ ശിപാര്‍ശകള്‍ വീഴ്ചകൂടാതെ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ദേശീയ തലത്തില്‍ കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രിയുടെ അധ്യക്ഷതയിലും സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയിലും പ്രത്യേക സമിതികള്‍ രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.