മോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്. വിലക്കയറ്റം, തൊഴിലില്ലായ്മ, വരള്‍ച്ച തുടങ്ങിയ ജനകീയ പ്രശ്നങ്ങളെ ഫലപ്രദമായി  നേരിടാന്‍ കഴിഞ്ഞില്ളെങ്കിലും അവ മറികടന്ന് കോണ്‍ഗ്രസ് മുക്തഭാരതം, ദേശീയത, വന്ദേമാതരം, ഗോ സംരക്ഷണം തുടങ്ങി സംഘ്പരിവാര്‍ അജണ്ടകളിലൂന്നാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞു.

മൊത്തവില  സൂചിക  കുത്തനെ ഉയരുമ്പോഴാണ് മോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തേക്ക് കടക്കുന്നത്. വളര്‍ച്ചനിരക്കില്‍ വര്‍ധനയാണെന്ന് കണക്ക് നിരത്തുമ്പോഴും അതിന്‍െറ ഗുണഫലം താഴേ തട്ടിലത്തെിയിട്ടില്ല. വിലക്കയറ്റത്തിന്‍െറ കെടുതിയിലായ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍  മൊത്ത ഭക്ഷ്യവില ഈ വര്‍ഷം 4.23 ശതമാനം വീണ്ടും വര്‍ധിച്ചുവെന്ന് കണക്ക് കാണിക്കുന്നു. 18 മാസത്തിനിടയിലെ റെക്കോഡ് വര്‍ധനയാണിത്. ധാന്യവിലയില്‍ 36.36 ശതമാനമാണ് വര്‍ധന. അതേസമയം, ആഗോളവിപണിയില്‍ എണ്ണവില ഇടിഞ്ഞിട്ടും രാജ്യത്ത് സാധാരണഗതിയിലുണ്ടാകുന്ന കുറവ് എണ്ണവിലയിലുണ്ടായിട്ടില്ല.
വിലക്കയറ്റത്തില്‍ മുതുകൊടിഞ്ഞ ജനത്തിനുമേല്‍ വരള്‍ച്ച കടുത്ത ദുരന്തമായാണ് പതിച്ചത്. വരള്‍ച്ചയില്‍ പൊറുതിമുട്ടിയവര്‍ക്ക് ഭക്ഷണം നല്‍കാനും തൊഴിലുറപ്പ് കുടിശ്ശിക വിതരണം ചെയ്യാനും സുപ്രീംകോടതി ഇടപെടേണ്ടിവന്നു.

ഒടുവിലത്തെ കണക്കെടുപ്പില്‍ രാജ്യത്ത് തൊഴിലവസരം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 1.35 ലക്ഷം തൊഴിലവസരമാണ് പോയ വര്‍ഷം സൃഷ്ടിക്കപ്പെട്ടത്. 10 ലക്ഷം പേര്‍ ഓരോ മാസവും തൊഴില്‍ വിപണിയിലേക്ക് പുതുതായി ഇറങ്ങുമ്പോഴായിരുന്നു ഇത്. 2011ല്‍ ഇതേ കാലയളവില്‍ ഒമ്പത് ലക്ഷത്തില്‍പരം തൊഴിലുകള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരുന്നുവെന്നും ഇതിനോട് ചേര്‍ത്തുവെക്കണം. 2013ലെ 4.19 ലക്ഷത്തിന്‍െറ കണക്കിലും വളരെ പിറകിലാണിത്. കുറച്ച് തൊഴിലവസരം നല്‍കുന്ന ഏതാനും വന്‍കിട കമ്പനികള്‍ സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താക്കളാകുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ അത്തരം നയങ്ങളുടെ കെടുതികള്‍ ഏറ്റുവാങ്ങുകയും ചെയ്തതുകൊണ്ടാണ് തൊഴിലവസരങ്ങളില്‍ രണ്ടു വര്‍ഷംകൊണ്ട് ഇത്രയും വലിയ ഇടിവുണ്ടായത്. അഞ്ചര ലക്ഷം കോടി രൂപയാണ് വന്‍കിട കമ്പനികള്‍ക്ക് പോയവര്‍ഷം മോദി സര്‍ക്കാറിന്‍െറ നികുതിയിളവ്.  

പ്രതിപക്ഷവുമായി ഏറ്റുമുട്ടലിന്‍െറ പാത സ്വീകരിച്ചതുമൂലം പരിഷ്കരണ നടപടികളിലും തിരിച്ചടി നേരിട്ടു. ആധാര്‍ നിയമമാക്കിയത് സുപ്രീംകോടതിയിലാണ്. ചരക്കുസേവന നികുതി ബില്ലും ഭൂപരിഷ്കരണ ബില്ലിലെ ഭേദഗതിയും തൊഴില്‍ നിയമഭേദഗതികളും നടപ്പാക്കാനായില്ല.  ഡിജിറ്റല്‍ ഇന്ത്യ, മേക് ഇന്‍ ഇന്ത്യ, ശുചിത്വ ഇന്ത്യ, സ്കില്‍ ഇന്ത്യ, മിഷന്‍ അന്ത്യോദയ, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, ഉജ്ജ്വല, ഉദയ് വി് ഇന്‍ഷുറന്‍സ് തുടങ്ങിയ മികച്ച പദ്ധതികളാണ് സര്‍ക്കാറിന്‍െറ നേട്ടങ്ങളായി പരിചയപ്പെടുത്തുന്നതെങ്കിലും അവയുടെ ഗുണഫലം വിലയിരുത്താനുള്ള സാഹചര്യമായിട്ടില്ല.

സുഷമ സ്വരാജ് ഉള്‍പ്പെട്ട ലളിത് മോദി വിവാദവും ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് വിജയ് മല്യ മുങ്ങിയതും സര്‍ക്കാറിന്‍െറ മാറ്റുകുറച്ചു.  ലാലു-നിതീഷ് സഖ്യത്തോട് ഏറ്റുമുട്ടി ബിഹാറില്‍ ബി.ജെ.പി പരാജയം ഏറ്റുവാങ്ങിയതും മോദി സര്‍ക്കാറിനേറ്റ തിരിച്ചടിയായിട്ടാണ് വിലയിരുത്തിയത്. അതേസമയം, ‘കോണ്‍ഗ്രസ് മുക്ത ഭാരത’ത്തിലേക്കുള്ള ബി.ജെ.പിയുടെ കര്‍മപദ്ധതികളാണ് അരുണാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും സര്‍ക്കാര്‍ നടപ്പാക്കിയത്. ഉത്തരാഖണ്ഡില്‍ തിരിച്ചടിയേറ്റെങ്കിലും അരുണാചലില്‍ സ്വന്തം സര്‍ക്കാറിനെ പ്രതിഷ്ഠിച്ചു. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിഷേധവും വിദ്യാര്‍ഥി ഐക്യനിരയുടെ ഉയിര്‍ത്തെഴുന്നേല്‍പും  ജെ.എന്‍.യുവിലെ രാജ്യദ്രോഹ കേസിലൂടെ മറികടക്കാനും തുടര്‍ന്നുണ്ടായ ചര്‍ച്ചകളെ ദേശീയതയുടെ വട്ടത്തില്‍ നിര്‍ത്താനും സര്‍ക്കാറിന് സാധിച്ചു.

മാലേഗാവ് അടക്കമുള്ള ഹിന്ദുത്വ ഭീകരകേസുകളുടെ അട്ടിമറി പൂര്‍ത്തിയാക്കിയത് പോയവര്‍ഷത്തില്‍ സര്‍ക്കാര്‍ സാധിച്ച ഏറ്റവും പ്രധാന സംഘ്പരിവാര്‍ അജണ്ടയാണ്. പത്താന്‍കോട്ട് ഭീകരാക്രമണം സര്‍ക്കാറിന്‍െറ ഭരണപരാജയമായി വിലയിരുത്തിയത് സോണിയക്കെതിരായ അഗസ്റ്റവെസ്റ്റ്ലന്‍ഡ് അഴിമതി ആരോപണത്തിലൂടെ ഒരുവിധം മറികടന്നതായിരുന്നു. അപ്പോഴാണ് പ്രധാനമന്ത്രിയുടെ ബിരുദം വ്യാജങ്ങളാണെന്ന വിവാദവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തുവന്നത്. പ്രതികരണമായി പ്രധാനമന്ത്രിയുടെ ബിരുദ രേഖകള്‍ പുറത്തുവിട്ടത് വിവാദത്തെ സജീവമാക്കുകയാണ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.