ബിഹാർ നിയമസഭാംഗം മനോരമ ദേവി കോടതിയില്‍ കീഴടങ്ങി

ഗയ: ജെ.ഡി.യു നേതാവും ബിഹാർ എം.എല്‍.എയുമായ മനോരമ ദേവി കോടതിയില്‍ കീഴടങ്ങി. എം.എൽ.എയുടെ വീടിനകത്ത് മദ്യകുപ്പികൾ സൂക്ഷിച്ചതിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്നുമതൽ ഒളിവിലായ എം.എൽ.എ ഇന്ന് രാവിലെയാണ് ഗയ കോടതിയിൽ കീഴടങ്ങിയത്. ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധന നിയമത്തെ നിയമസഭാംഗം തന്നെ ലംഘിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

തന്‍റെ കാർ മറികടന്നതിലുള്ള വൈരാഗ്യം മൂലം 19 കാരനായ സച്ച്ദേവയെ ഈ മാസം ആദ്യമാണ് മനോരമയുടെ മകനായ റോക്കി യാദവ് വെടിവെച്ച് കൊന്നത്. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. റോക്കിക്കായുള്ള തെരച്ചിലിനിടെയാണ് മനോരമ ദേവിയുടെ വീടിനകത്ത് മദ്യകുപ്പികള്‍ സൂക്ഷിച്ചതായി പൊലീസ് കണ്ടെത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം മനോരമ ദേവി ഒളിവിലായിരുന്നു. ഒരാഴ്ചയായി പൊലീസിന് ഇവരെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ സംഭവത്തിൽ ഇടപെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മനോരമ കോടതിയിൽ കീഴടങ്ങാൻ തയാറായത്. എന്നാൽ സംഭവത്തില്‍ പ്രതിയല്ലെന്നും തന്നെ കേസില്‍ മനപ്പൂർവം കുടുക്കുകയായിരുന്നുവെന്നും  മനോരമ ദേവി പറഞ്ഞു. ഇവരെ കോടതി  14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

മനോരമ ദേവിയുടെ  ആരോഗ്യം മോശമാണെന്നും മരുന്ന് കഴിക്കുന്ന അവർക്ക് ജയിലില്‍ അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും ദേവിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.