ചെന്നൈ: മതിയായ ഭൂരിപക്ഷത്തോടെ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധി. ഗോപാലപുരത്തെ വസതിക്ക് സമീപത്തെ ശ്രീ ശാരദ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, തമിഴ് ജനതയുടെ തീരുമാനത്തിനായി രണ്ടു ദിവസത്തേക്ക് കാത്തിരിക്കൂവെന്ന് അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിത പ്രതികരിച്ചു. ചെന്നൈ കത്തീഡ്രല്‍ റോഡിലെ സ്റ്റെല്ല മേരീസ് കോളജില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പുഫലം തങ്ങള്‍ക്കനുകൂലമായിരിക്കുമെന്ന് മറ്റു പാര്‍ട്ടികളുടെയും സഖ്യങ്ങളുടെയും നേതൃനിര പ്രതികരിച്ചു.
പണവിതരണം കണ്ടുപിടിക്കപ്പെട്ട അരവാക്കുറിച്ചി, തഞ്ചാവൂര്‍ എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനിടയായ സംഭവങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡി.എം.കെ ട്രഷറര്‍ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പം ആല്‍വാര്‍പേട്ടിലെ എസ്.ഐ.ഇ.ടി കോളജില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.
കാരൈകുടി മണ്ഡലത്തിലെ സ്വന്തം ഗ്രാമമായ കാന്തനൂരില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഇ.വി.കെ.എസ്. ഇളങ്കോവന്‍ ജന്മനാടായ ഈറോഡില്‍ വോട്ട് ചെയ്തു. മുന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം പെരിയകുളത്ത് വോട്ട് രേഖപ്പെടുത്തി. ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്തും ഭാര്യ പ്രേമലതയും സാലിഗ്രാമത്തില്‍ വോട്ട് ചെയ്തു. പട്ടാളിമക്കള്‍ അധ്യക്ഷന്‍ എസ്. രാംദാസും മകന്‍ അന്‍പുമണി രാംദാസും തിണ്ടിവനത്ത് വോട്ട് രേഖപ്പെടുത്തി.
മിക്കവാറും സിനിമാ താരങ്ങളുടെ വോട്ട് ചെന്നൈയിലായിരുന്നു. രജനീകാന്ത് സ്റ്റെല്ല മേരീസ് കോളജില്‍ വോട്ട് ചെയ്തു. തിരുവാണ്‍മിയൂരിലെ ബൂത്തില്‍ നടന്‍ അജിത്തും ഭാര്യ ശാലിനിയും ആദ്യം വോട്ട് രേഖപ്പെടുത്തി. കമല്‍ഹാസന്‍, ഗൗതമി, വിജയ്, പ്രഭു, ഖുഷ്ബു, ജയറാം, ഭാര്യ പാര്‍വതി എന്നിവര്‍ രാവിലെയോടെ വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.