വിറ്റത് 250 കോടിയുടെ മദ്യം; പിടിച്ചത് 105 കോടിയുടെ പണം

ചെന്നൈ: സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പിന് പഴുതടച്ച സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയെന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ അവകാശവാദങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ വോട്ട് വീഴ്ത്താന്‍ അവസാനനിമിഷവും പണവും മദ്യവും ഒഴുകുന്നു. സര്‍ക്കാര്‍ നിയന്ത്രിത മദ്യ കടകളിലെ രണ്ട് ദിവസത്തെ വിറ്റുവരവ് 250 കോടിയിലത്തെി. വോട്ടെടുപ്പിന് മുന്നോടിയായി മദ്യവില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കോടികളുടെ മദ്യം വിറ്റഴിച്ചത്. പുതുച്ചേരിയില്‍നിന്നും മറ്റും കടത്തിക്കൊണ്ടുവന്ന് അനധികൃത മദ്യവിതരണം ഗ്രാമങ്ങളില്‍ രഹസ്യമായി നടക്കുന്നുണ്ട്.

അനധികൃതമായി പിടിച്ചെടുത്ത പണം 105 കോടിയിലത്തെി. രേഖകള്‍ ഹാജരാക്കിയ പ്രകാരം ഇതില്‍ 40 കോടി തിരികെനല്‍കി. അനധികൃത പണം കടത്തിയ സംഭവങ്ങളില്‍ 612 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 380 പേര്‍ അറസ്റ്റിലായി. അണ്ണാ ഡി.എം.കെ, ഡി.എം.കെ കക്ഷികള്‍ വോട്ട് മറിക്കാന്‍ വ്യാപകമായി പണം വിതരണംചെയ്യുന്നെന്ന് മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. പെണ്ണാഗരം മണ്ഡലത്തില്‍ മത്സരിക്കുന്ന പട്ടാളി മക്കള്‍ കക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഡോ. അന്‍പുമണി രാംദാസ് ചെന്നൈയിലത്തെി കമീഷന് നേരിട്ട് പരാതിനല്‍കി.
വോട്ടര്‍മാര്‍ക്ക് നല്‍കിയ പണം പിടിച്ചെടുത്ത് ഉളുന്തൂര്‍ പേട്ടിലെ പി.എം.കെ സ്ഥാനാര്‍ഥി കെ. ബാലു കമീഷന്‍ ഉദ്യോഗസ്ഥരുടെ മുന്നിലത്തെി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. മുമ്പ് നല്‍കിയ പരാതിയും പരിഗണിച്ചില്ളെന്നറിഞ്ഞ ബാലു ഓഫിസറുടെ തലയിലൂടെ പണം വിതറി. ഉദ്യോഗസ്ഥരുടെ പരാതിയില്‍ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തു. ജനക്ഷേമ മുന്നണി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ഡി.എം.ഡി.കെ അധ്യക്ഷനുമായ വിജയകാന്ത് മത്സരിക്കുന്ന മണ്ഡലമാണ് ഉളുന്തൂര്‍പേട്ട. ചരിത്രത്തിലാദ്യമായി എണ്ണായിരത്തോളം നിരീക്ഷകസംഘത്തെ നിയോഗിച്ചിട്ടും പണത്തിന്‍െറയും മദ്യത്തിന്‍െറയും ഒഴുക്ക് തടയുന്നതില്‍ കമീഷന്‍ പരാജയപ്പെട്ടതിന്‍െറ ഏറ്റുപറച്ചിലായി അരവാക്കുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിയ തീരുമാനം. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ കമീഷന്‍െറ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമ്മതിക്കേണ്ടിവന്നു. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയായി മുന്‍ ഗതാഗതമന്ത്രി സെന്തില്‍ ബാലാജിയും സിറ്റിങ് എം.എല്‍.എയും ഡി.എം.കെയിലെ സമ്പന്നനുമായ കെ.സി. പളനിസാമിയുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. മണ്ഡലത്തിലെ അണ്ണാ ഡി.എംകെ  പ്രവര്‍ത്തകനില്‍നിന്ന് പിടിച്ചെടുത്ത 4.7 കോടിയുടെ പണത്തിനൊപ്പം ലഭിച്ച രേഖകളില്‍ മന്ത്രിമാര്‍ക്കുള്ള ബന്ധം പുറത്തുവന്നിരുന്നു. കോടികളുടെ വസ്ത്രവും വീട്ടുസാധനങ്ങളുമാണ് വിതരണം ചെയ്തത്. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രകടനപത്രികളില്‍ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ജയലളിതക്കും കരുണാനിധിക്കും കമീഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പെരുമാറ്റചട്ട ലംഘനത്തിന് സംസ്ഥാനത്തുടനീളം 4042 പേര്‍ക്കെതിരെ കേസെടുത്തു.

ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി പൊലീസ് ഉള്‍പ്പെടെ 4.95 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. കേന്ദ്ര സായുധ സേനയുടെ 282 കമ്പനികളും സംസ്ഥാനത്തുണ്ട്. ബാഹ്യ ഇടപെടലുകളും സ്വാധീനങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ രാജേഷ് ലഖാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 65,000 വോട്ടെടുപ്പ് കേന്ദ്രങ്ങളുണ്ട്. മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന ആര്‍.കെ നഗറാണ് ഏറ്റവുംകൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലം. 45 പേരാണ് ഇവിടെ മത്സരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.