കപ്പല്‍ നിര്‍മാണ കരാര്‍ ഇറ്റാലിയന്‍ കമ്പനിക്ക് നല്‍കിയതിനെക്കുറിച്ചും അന്വേഷണം

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ഇറ്റാലിയന്‍ കപ്പല്‍ നിര്‍മാണ കമ്പനിക്ക് പ്രതിരോധ മന്ത്രാലയം കരാര്‍ നല്‍കിയതിനെക്കുറിച്ചും അന്വേഷണം. യുദ്ധക്കപ്പലുകള്‍ക്ക് കടലില്‍ ഇന്ധനവും വെള്ളവും മറ്റ് അത്യാവശ്യ സാധനങ്ങളും ലഭ്യമാക്കുന്നതിനുള്ള രണ്ട് ഫ്ളീറ്റ് ടാങ്കര്‍ കപ്പലുകള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സൈനിക ആവശ്യങ്ങള്‍ക്കുള്ള പ്രത്യേക നിലവാരമുള്ള ഉരുക്കിനു പകരം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഉരുക്ക് നിര്‍മാണത്തിന് ഉപയോഗിക്കാന്‍ ഇറ്റാലിയന്‍ കമ്പനിക്ക് അനുകൂലമായി ഇളവ് അനുവദിച്ചെന്നാണ് ആരോപണം.

ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് ശക്തി എന്നീ രണ്ട് ഫ്ളീറ്റ് ടാങ്കറുകളാണ് ഇന്ത്യന്‍ നാവിക സേനക്കുള്ളത്. 2006ലായിരുന്നു ഇവയുടെ നിര്‍മാണത്തിനായി ഇന്ത്യ താല്‍പര്യപത്രങ്ങള്‍ ക്ഷണിച്ചത്. റഷ്യ, കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് അനുകൂലമായി പ്രതികരിച്ചത്. ഇതില്‍ റഷ്യന്‍ കമ്പനി മാത്രമാണ് ഡി.എം.ആര്‍ 249 എ എന്ന ഉയര്‍ന്ന നിലവാരമുള്ള ഉരുക്ക് ഉപയോഗിക്കാമെന്ന് വാഗ്ദാനം ചെയ്തത്. എന്നാല്‍, ഉരുക്കിന്‍െറ നിലവാരത്തില്‍ ഇന്ത്യ വിട്ടുവീഴ്ചക്കു തയാറാവുകയായിരുന്നു. ഇതോടെ റഷ്യ പിന്മാറി.

തുടര്‍ന്ന് 2009ല്‍ ഇറ്റാലിയന്‍ കമ്പനിയായ ‘ഫിന്‍കാന്‍േറ്യരി’ രണ്ടു ടാങ്കറുകളുടെയും കരാര്‍ നേടി. കരാര്‍ ഉറപ്പിക്കുന്നതില്‍ അനാവശ്യ ആനുകൂല്യം നല്‍കിയതായി 2010ല്‍ സി.എ.ജി വിമര്‍ശിച്ചിരുന്നു.എന്നാല്‍, കഴിഞ്ഞ ദിവസം മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥന്‍തന്നെ കരാറിനെതിരെ രംഗത്തുവന്നതോടെയാണ് പ്രതിരോധമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.റഷ്യയില്‍നിന്ന് വാങ്ങിയ ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലായ വിക്രമാദിത്യ എത്തുന്നതിന്‍െറ പശ്ചാത്തലത്തിലായിരുന്നു ടാങ്കറുകള്‍ തിരക്കിട്ട് വാങ്ങിയത്.

ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏറ്റവും വേഗത്തില്‍ നേടാനായ കരാറാണിതെന്ന് അന്ന് പ്രതിരോധ വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു. റഷ്യയില്‍നിന്ന് ഐ.എന്‍.എസ് വിക്രമാദിത്യയെ അനുഗമിച്ച് ആദ്യമായി നടത്തിയ യാത്രയില്‍തന്നെ ഇതിലൊരു ടാങ്കറിന്‍െറ പുറംഭാഗത്ത് വിള്ളല്‍ വീണതായി ക്യാപ്റ്റന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നതായി അന്ന് പശ്ചിമ നാവിക കമാന്‍ഡിന്‍െറ മേധാവിയായിരുന്ന വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹ മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, ബി.ജെ.പി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും ഏത് അനേഷണവും നേരിടാന്‍ പാര്‍ട്ടി തയാറാണെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.