ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരായ ശിക്ഷ പിന്‍വലിക്കണമെന്ന് പ്രമേയം

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കെതിരായ ശിക്ഷാനടപടി പിന്‍വലിക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല അക്കാദമിക് കൗണ്‍സിലില്‍ പ്രമേയം. വൈസ് ചാന്‍സലര്‍ ഡോ. ജഗദേശ് കുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യയോഗം ബഹളത്തില്‍ മുങ്ങി. നിരാഹാരത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയിലാണെന്നും ആദ്യ അജണ്ടയായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും വി.സി കൂട്ടാക്കിയില്ല.

യോഗസ്ഥലത്തുനിന്ന് മടങ്ങിയ തന്നെ വിദ്യാര്‍ഥികളില്‍ ചിലര്‍ കൈയേറ്റത്തിന് ശ്രമിച്ചതായും പിന്നീട് ജഗദേശ് കുമാര്‍ ആരോപിച്ചു. എന്നാല്‍, വി.സിയെ ഉപദ്രവിച്ചിട്ടില്ളെന്നും മുഴുവന്‍ ദൃശ്യങ്ങളും വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ പറഞ്ഞു. വി.സിയുടെ ഇറങ്ങിപ്പോക്കിനുശേഷം അവതരിപ്പിച്ച പ്രമേയത്തെ ഭൂരിഭാഗം അധ്യാപകരും പിന്തുണച്ചു.

യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലാത്ത അജണ്ട ചര്‍ച്ച ചെയ്യണമെന്ന് കുറച്ച് വിദ്യാര്‍ഥികളും അവരെ പിന്തുണക്കുന്ന അധ്യാപകരും ശാഠ്യം പിടിച്ചതോടെ യോഗം പിരിച്ചുവിടുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ളെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിദ്യാര്‍ഥിയൂനിയന്‍ ഭാരവാഹികളായ രാമനാഗ, ഷെഹ്ലാ റാഷിദ് ഷോറ എന്നിവര്‍ വിദ്യാര്‍ഥിസമരം ചര്‍ച്ച ചെയ്യാന്‍ യോഗം നടന്ന മുറിയിലേക്ക് വരവെ സുരക്ഷാജീവനക്കാര്‍ തടഞ്ഞു. പിന്നീട് അധ്യാപകര്‍ ഇടപെട്ട് കടത്തിവിട്ടെങ്കിലും വി.സി വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറായില്ല. പഴങ്ങളും പൂക്കളുമായാണ് രാമനാഗ വി.സിയെ കാണാനത്തെിയത്. സമരത്തിലായതിനാല്‍ തങ്ങള്‍ക്കിത് കഴിക്കാനാവില്ളെങ്കിലും വി.സി കഴിക്കണമെന്ന് രാമനാഗ ആവശ്യപ്പെട്ടു. 13 ദിവസമായി സമരം ചെയ്യുന്ന തങ്ങളെ കാണാന്‍ വി.സി കൂട്ടാക്കിയിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.

സമരം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയില്‍ വിശ്വാസമര്‍പ്പിക്കണമെന്ന് വി.സി പറഞ്ഞെങ്കിലും വിശ്വസിക്കാനാവാത്ത നടപടിക്രമങ്ങളാണ് അധികൃതര്‍ മുന്നോട്ടുവെക്കുന്നതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. അതോടെ യോഗവേദി വിട്ട് വി.സി മടങ്ങുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.