ഈ വര്‍ഷത്തേക്ക് നീറ്റ് മാറ്റിവെക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിനുള്ള ദേശീയ പൊതുപ്രവേശ പരീക്ഷ (നീറ്റ്) ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ലോക്സഭയില്‍ എം.പിമാര്‍ ആവശ്യപ്പെട്ടു. നീറ്റ് എന്ന ആശയത്തിന് അനുകൂലമാണെങ്കിലും ഈ വര്‍ഷം തിരക്കിട്ട് നടപ്പാക്കുന്നതിനോട് കേന്ദ്ര സര്‍ക്കാറിന് യോജിപ്പില്ളെന്നും ഇക്കാര്യം സുപ്രീംകോടതിയെ വീണ്ടും അറിയിക്കുമെന്നും പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

സംസ്ഥാന സര്‍ക്കാറുകളും സ്വകാര്യ കോളജുകളും നടത്തുന്ന പ്രവേശപരീക്ഷക്ക് അനുമതി നിഷേധിച്ച സുപ്രീംകോടതി രാജ്യത്ത് എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശം നീറ്റ് വഴി മാത്രമേ അനുവദിക്കൂവെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഒന്നാം ഘട്ട നീറ്റ് പരീക്ഷ മേയ് ഒന്നിന് നടന്നു. രണ്ടാംഘട്ടം ജൂലൈ 24ന് നടക്കാനിരിക്കുകയാണ്. സംസ്ഥാനതല പരീക്ഷക്ക് തയാറെടുത്ത വിദ്യാര്‍ഥികള്‍ ദേശീയതല പരീക്ഷ എഴുതേണ്ടിവന്നത് വലിയ പ്രശ്നമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് രാഷ്ട്രീയ ഭേദമന്യേ എം.പിമാര്‍ ചൂണ്ടിക്കാട്ടി.  ലക്ഷക്കണക്കിന് കുട്ടികള്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്.

ഈ വര്‍ഷത്തേക്ക് നീറ്റ് മാറ്റിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ ചൂണ്ടിക്കാട്ടി. നീറ്റ് നിര്‍ദേശിച്ചത് സുപ്രീംകോടതിയാണെന്നും അതിനാല്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനില്ളെന്നും മന്ത്രി വെങ്കയ്യ വിശദീകരിച്ചു.  

ഒരു പരീക്ഷാ സംവിധാനം പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകുന്ന പ്രയാസം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. കേസ് കോടതിയില്‍ വരുമ്പോള്‍ അറ്റോണി ജനറല്‍ ഇക്കാര്യം  ഒരിക്കല്‍ കൂടി സുപ്രീംകോടതിയില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.