മനോരമ ദേവിയെ കാണാനില്ലെന്ന്; വീട് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു

ഗയ(ബിഹാര്‍): സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയ ബിഹാറില്‍ ഭരണകക്ഷിയില്‍പെട്ട വനിതാ നിയമസഭാംഗത്തിന്‍െറ വീട്ടില്‍ മദ്യക്കുപ്പികള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അറസ്റ്റ്വാറന്‍റ് പുറപ്പെടുവിച്ചു. ജെ.ഡി.യു എം.എല്‍.സി മനോരമ ദേവിക്കെതിരെയാണ് അറസ്റ്റുവാറന്‍റ്. ഒളിവില്‍പോയ ഇവരുടെ പോഷ് അനുരാഗപുരി കോളനിയിലെ വീട് എക്സൈസ് പൂട്ടി മുദ്ര വെച്ചു. ചൊവ്വാഴ്ച ഇവരെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

12ാം ക്ളാസുകാരനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് തിങ്കളാഴ്ച രാത്രി വീട്ടില്‍ 18 ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യക്കുപ്പികള്‍ കണ്ടത്തെിയത്. സമ്പൂര്‍ണ മദ്യനിരോധം നിലവിലുള്ള സാഹചര്യത്തില്‍ ഭരണകക്ഷി എം.എല്‍.സിയുടെ വീട്ടില്‍തന്നെ മദ്യക്കുപ്പികള്‍ കണ്ടത്തെിയതും കുറ്റക്കാരനായ മകനെ ഒളിപ്പിച്ചുതാമസിപ്പിച്ചതുമടക്കമുള്ള കുറ്റകൃത്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മനോരമ ദേവിയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്തയാളെ മനോരമ ദേവി വീട്ടുവേലക്ക് നിര്‍ത്തിയതായും റെയ്ഡില്‍ കണ്ടത്തെി. ബാലവേല നിരോധനിയമപ്രകാരം മനോരമ ദേവിക്കും ഭര്‍ത്താവ് ബിന്ദി യാദവിനുമെതിരെ കേസെടുക്കുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. മദ്യക്കുപ്പികള്‍ കണ്ടെടുത്ത സംഭവത്തില്‍ ബിന്ദി യാദവിന്‍െറയും റോക്കി യാദവിന്‍െറയും പേരില്‍ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എഫ്.ഐ.ആറില്‍ മനോരമ ദേവിയുടെ പേരു കൂടി ചേര്‍ത്തത്. ഒരു വ്യവസായിയുടെ മകനായ ആദിത്യ സച്ചദേവയെ തന്‍െറ കാര്‍ മറികടന്നതിലുള്ള ദേഷ്യത്തില്‍ റോക്കി യാദവ് കഴിഞ്ഞ ശനിയാഴ്ച വെടിവച്ചുകൊന്നുവെന്നാണ് കേസ്. കേസില്‍ റോക്കി യാദവിനെ ചൊവ്വാഴ്ച ബുദ്ധഗയയിലെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. ഇയാളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

2003-2009 കാലത്ത് ആര്‍.ജെ.ഡി എം.എല്‍.സിയായിരുന്ന മനോരമ ദേവി 2015ല്‍ ജെ.ഡി.യു ടിക്കറ്റിലാണ് ജയിച്ചത്. ബിന്ദി യാദവ് ആര്‍.ജെ.ഡി പ്രവര്‍ത്തകനാണ്.
നിതീഷ് കുമാറിന്‍െറ ഭരണത്തില്‍ സംസ്ഥാനത്ത് കാട്ടുനീതി തിരിച്ചുവരുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് മനോരമ ദേവിക്കെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.