മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ പുറത്തുവിട്ട് ബി.ജെ.പി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും എ.എ.പി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യജമാണെന്നാരോപിച്ചതിന് പിന്നാലെ മോദിയുടെ സർട്ടിഫിക്കറ്റുകൾ പുറത്ത് വിട്ട് ബി.ജെ.പിയുടെ പ്രതിരോധം.

ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമാണ് മോദിയുടെ ബി.എ. എം.എ സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. അതേസമയം, ബി.ജെ.പി പ്രദർശിപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പ്രദർശിപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റിലെ പേരും എം.എ സർട്ടിഫിക്കറ്റിലെ പേരും വ്യത്യസ്തമാണെന്ന് എ.എ.പി നേതാവ് അശുതോഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കെജ്രിവാൾ കള്ളം പ്രചരിപ്പിക്കുകയാണ്. അദ്ദേഹം പ്രധാനമന്ത്രിയെ അപമാനിക്കുകയാണ്. അനാവശ്യമായ ആരോപണത്തിലൂടെ അപമാനിച്ചതിന് അദ്ദേഹം മോദിയോട് മാത്രമല്ല, രാജ്യത്തോട് തന്നെ മാപ്പ് പറയണമെന്നും അമിത് ഷാ പറഞ്ഞു.

1975 77 കാലത്ത് താൻ ഡൽഹി സർവകലാശാലയിലുണ്ടായിരുന്നെന്നും താൻ അന്ന് അവിടുത്തെ വിദ്യാർഥിയായിരുന്നുവെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.

മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടില്ലെന്നായിരുന്നു കെജ് രിവാളിന്റെ ആരോപണം. നരേന്ദ്ര ദാമോദർ മോദി എന്നയാളല്ല, നരേന്ദ്ര മഹാവീർ മോദിയെന്നയാളാണ് ഈ കാലയളവിൽ പഠിച്ചിരുന്നെന്നും എ.എ.പി ആരോപിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാല (ഡി.യു.)യുടെ 1975 മുതല്‍ 1980 വരെയുള്ള മുഴുവന്‍ രേഖകളും തങ്ങള്‍ പരിശോധിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.എ. ഡിഗ്രിയുള്ളത് കണ്ടെത്താനായില്ലെന്നും എ.എ.പി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നായിരുന്നു 2014 ല്‍ സമര്‍പ്പിച്ച നാമനിർദേശ പത്രികയില്‍ മോദി പറഞ്ഞിരുന്നത്. എന്നാല്‍ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പരസ്യമാക്കിയിരുന്നില്ല.

കഴിഞ്ഞമാസം വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി സര്‍വകലാശാല തയാറായിരുന്നില്ല. രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തങ്ങളുടെ കയ്യിലില്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വകലാശാലയില്‍നിന്നുള്ള പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.