ജെ.ഡി.യു നേതാവിന്‍െറ മകന്‍റെ റേഞ്ച് റോവറിനെ മറികടന്ന 19കാരനെ വെടിവെച്ചു കൊന്നു

ഗയ: ബിഹാറിലെ ഗയയില്‍ ജനതാദള്‍ യുണൈറ്റഡ് നേതാവിന്‍റെ മകന്‍ സഞ്ചരിച്ച എസ്.യു.വി മറികടന്നതിന് ആദിത്യ സച്ദേവ് എന്ന 19കാരനെ വെടിവെച്ചു കൊന്നു. പ്രമുഖ വ്യവസായിയുടെ മകനായ ആദിത്യ സുഹൃത്തിനൊപ്പം സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ജെ.ഡി.യു നേതാവ് മനോരമ ദേവിയുടെ മകന്‍ ഡിമ്പു യാദവ് സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിനെ മറികടന്നതിനെ തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് അനുവദിക്കുന്ന ബിഹാര്‍ പൊലീസിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഡിമ്പു യാദവിനൊപ്പം ഉണ്ടായിരുന്നു.

ബോധ്ഗയയില്‍ പോയി തിരിച്ചു വരികയായിരുന്നു തങ്ങള്‍. റേഞ്ച് റോവറിനെ മറികടന്ന ഉടന്‍ അതില്‍ നിന്ന് വെടിവെപ്പു തുടങ്ങി. കാറ് നിര്‍ത്തിച്ച അവര്‍ തങ്ങളെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കാന്‍ തുടങ്ങി.  ഇതോടെ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുകാരനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ആദിത്യനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.

ബിഹാര്‍ നിയമസഭയിലെ അംഗമാണ് മനോരമ ദേവി.  ഇവരുടെ ഭര്‍ത്താവ് ബിന്ദി യാദവ് കുപ്രസിദ്ധനാണ്. സംഭവത്തില്‍ ബിഹാറില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് ഡിമ്പു യാദവിനെയും സുരക്ഷാ ഭടനായ രാജേഷ് കുമാറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 12ാം ക്ളാസ് പരീക്ഷ എഴുതിയിരിക്കുകയായിരുന്നു ആദിത്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.