കൊൽക്കത്തയിൽ മേൽപ്പാലം തകർന്ന് 23 പേർ മരിച്ചു

കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് 23 പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റു. നിരവധി പേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. ദേശീയ ദുരന്ത നിവാരണസേനയുടെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി 300 സൈനികരെ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഉച്ചക്കഴിഞ്ഞ് രണ്ട് മണിയോടെ കൊൽക്കത്തയിലെ ഗണേശ് ടാക്കീസിനു സമീപം പ്രശസ്തമായ ബരാ ബസാറിലെ മേൽപ്പാലമാണ് തകർന്നു വീണത്. നിരവധി ആളുകളും വാഹനങ്ങളും പാലത്തിനടിയിൽ പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഫോടനത്തിന് സമാനമായ ശബ്ദത്തിന് ശേഷമാണ് മേൽപ്പാലം നിലംപൊത്തിയത്. കോൺക്രീറ്റ് ഗട്ടറുകൾ ക്രെയിനുകൾ ഉപയോഗിച്ച് ഉയർത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കുന്നത്. സൈന്യത്തിന്‍റെ സഹായവും തേടിയിട്ടുണ്ട്.

2010ൽ പൂർത്തിയാകേണ്ട മേൽപ്പാലത്തിന്‍റെ നിർമാണം ഇതുവരെ ആറു തവണ തടസപ്പെട്ടിരുന്നു. വരുന്ന ഡിസംബറിൽ നിർമാണം പൂർത്തിയാക്കാൻ കരാറുകാരന് അധികൃതർ നിർദേശം നൽകിയിരിക്കെയാണ് അപകടം സംഭവിച്ചത്. 2011ൽ അധികാരത്തിലേറിയ മമത ബാനർജി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്നു ഈ മേൽപ്പാലം.

ദുരന്തത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. അഴിമതിയുടെ പ്രത്യാഘാതമാണ് മോൽപ്പാലം തകർന്ന സംഭവമെന്നും മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ബി.ജെ.പി നേതാവ് സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥി രാഹുൽ സിൻഹയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസിന് സമീപത്താണ് തകർന്നുവീണ മേൽപ്പാലം സ്ഥിതി ചെയ്തിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.