വൈസ് ചാന്‍സലര്‍ അപ്പറാവു രാജിവെക്കണമെന്ന് പൂര്‍വവിദ്യാര്‍ഥികളായ അധ്യാപകര്‍

ന്യൂഡല്‍ഹി: ഒൗദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു രാജിവെക്കണമെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ അധ്യാപകരായ പൂര്‍വവിദ്യാര്‍ഥികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജാതിവിരുദ്ധ രാഷ്ട്രീയത്തിന്‍െറ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ഹൈദരാബാദ് സര്‍വകലാശാല. ദലിതര്‍ക്കെതിരായ അതിക്രമങ്ങളെ കൃത്യമായി അനാവരണം ചെയ്യുന്നതിലും പ്രശ്നവത്കരിക്കുന്നതിലും ഈ സ്ഥാപനം എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.
ഏറെ ദലിത് ഗവേഷകര്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ ദലിതരെയും മറ്റ് അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ജാതീയബോധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്നും എന്നുമുണ്ടായിട്ടുണ്ട്.
രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് സമരം ശക്തമാക്കിയ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സംയമനത്തോടെ കേള്‍ക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.  പെണ്‍കുട്ടികളുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരില്‍ പൊലീസ് നടപടിക്ക് അനുമതി കൊടുത്തത് ലജ്ജാകരമാണ്.
കീഴാള പ്രശ്നങ്ങളോടും പിന്നാക്ക പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളോടും സര്‍വകലാശാല പുലര്‍ത്തുന്ന അവജ്ഞയാണ് വി.സിയുടെ നടപടികളില്‍ കാണുന്നത്. ഭരണകൂട പിന്തുണയും അന്ധമായ ജാതീയബോധവും കൈമുതലാക്കിയ സര്‍വകലാശാല അധികൃതര്‍ സ്വന്തം വിദ്യാര്‍ഥികള്‍ക്കെതിരില്‍ കടുംകൈ പ്രവര്‍ത്തിച്ചതിനെ അപലപിക്കുന്നതായും പ്രസ്താവനയില്‍ അധ്യാപകര്‍ പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ പി.കെ. യാസര്‍ അറഫാത്ത്, പി. കേശവകുമാര്‍, എന്‍. സുകുമാര്‍, എന്‍.പി.ആഷ്ലി, ടി. തമീം, ഗുജറാത്തിലെ പാര്‍വതി കെ അയ്യര്‍, ഇത്യോപ്യയിലെ അഡിഗ്രത് സര്‍വകലാശാല അസി. പ്രഫസര്‍ എം. മുനീര്‍ ബാബു, അജിത് കുളങ്ങര മഠം, എം.എന്‍. പരശുരാമന്‍, ജെ.എന്‍.യുവിലെ സുജിത് പാറയില്‍, കാളി ചിട്ടിബാബു, ജോധ്പുര്‍ ഐ.ഐ.ടിയിലെ റിജോ എം. ജോണ്‍, അഭയ് ഫിലിപ്പ്, നിവേദിത കെ, ദുസി ശ്രീനിവാസ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.