ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പണം വാഗ്ദാനംചെയ്യുന്ന വിഡിയോ പുറത്ത്

ദൃശ്യം പുറത്തുവിട്ടത് വിമത എം.എല്‍.എമാര്‍; ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമത എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യം പുറത്ത്. മാര്‍ച്ച് 28ന് നടക്കുന്ന വിശ്വാസവോട്ടില്‍ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പണം വാഗ്ദാനംചെയ്യുന്ന ദൃശ്യങ്ങള്‍ വിമത എം.എല്‍.എമാരായ സാകേത് ബഹുഗുണ, ഹരക് സിങ് റാവത്ത്, സുബോധ് ഉനിയാല്‍ എന്നിവരാണ് പുറത്തുവിട്ടത്.
ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയതിനെതുടര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 28ന് വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ളെങ്കില്‍ റാവത്തിന് അധികാരത്തില്‍ തുടരാനാകില്ല. ഇതിനുമുമ്പ് തങ്ങളെ തിരികെയത്തെിക്കാന്‍ സര്‍ക്കാര്‍ കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് വിമത എം.എല്‍.എമാര്‍ കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് വീഡിയോദൃശ്യം പുറത്തുവന്നത്.
ദൃശ്യങ്ങള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. വിമത എം.എല്‍.എമാര്‍ വ്യാജ വിഡിയോയിലൂടെ ബി.ജെ.പിയെ സഹായിക്കുന്നത് പണത്തിനുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.ഒമ്പത് എം.എല്‍.എമാരെ ഹരീഷ് റാവത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ധാര്‍മികതയുടെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും സീഡി പുറത്തുവിട്ട സാകേത് ബഹുഗുണ പറഞ്ഞു. എന്നാല്‍, സ്വകാര്യ ചാനലുമായി ബന്ധപ്പെടുന്നയാള്‍ക്ക് ദൃശ്യങ്ങള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനും കഴിയുമെന്നും സാകേതിന്‍െറ പൂര്‍വകാലം പരിശോധിച്ചാല്‍ ഇത് വ്യക്തമാവുമെന്നും ഹരീഷ് റാവത്ത് തിരിച്ചടിച്ചു.
അതേസമയം, ദൃശ്യങ്ങള്‍ വ്യാജമാണെങ്കില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന് സകേത് വെല്ലുവിളിച്ചു. റാവത്ത് സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ ഭൂരിപക്ഷമില്ളെന്നും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഇത്തരം ആരോപണങ്ങളില്‍ തളരില്ളെന്നും തങ്ങള്‍ക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്നും എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുജര്‍വാല പറഞ്ഞു. സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്നും അത് സഭയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഹരീഷ് റാവത്തിന് തുടരാന്‍ അര്‍ഹതയില്ളെന്നും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുമെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വരഗിയ അറിയിച്ചു.

വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് മുഖ്യമന്ത്രി

ഡറാഡൂണ്‍/ ന്യൂഡല്‍ഹി: കോഴ ആരോപണം ശക്തമാകുന്നതിനിടെ ഒമ്പത് വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാളിനെ കണ്ടു. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍ററികാര്യമന്ത്രി ഇന്ദിര ഹൃദയേഷ് നല്‍കിയ പരാതിയെ പിന്തുണക്കുന്ന രേഖകള്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബി.ജെ.പി എം.എല്‍.എമാര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പാര്‍ട്ടി വിട്ടുപോയ വിമത എം.എല്‍.എമാര്‍ക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.