ബിഹാര്‍ ബജറ്റ് സമ്മേളനത്തില്‍ എം.എല്‍.എമാര്‍ക്ക് സമ്മാനമഴ

പട്ന: ബജറ്റ് സമ്മേളനം നടക്കുന്ന ബിഹാര്‍ നിയമസഭയില്‍ എം.എല്‍.എമാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ വക കൈനിറയെ സമ്മാനം. പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അംഗീകാരത്തിന് തേടുന്ന ദിവസമാണ് അതത് വകുപ്പുകള്‍ സമ്മാനം നല്‍കി എം.എല്‍.എമാരെ പ്രീണിപ്പിക്കുന്നത്. വെള്ളിയാഴ്ച വിദ്യാഭ്യാസവകുപ്പിന്‍െറ പദ്ധതികളാണ് ചര്‍ച്ച ചെയ്ത് പാസാക്കേണ്ടിയിരുന്നത്. ഇതോടനുബന്ധിച്ച് എം.എല്‍.എമാര്‍ക്ക് വകുപ്പിന്‍െറ വകയായി വിലകൂടിയ മൈക്രോവേവ് ഓവനാണ് നല്‍കിയത്. വിലകൂടിയ മൊബൈല്‍ ഫോണുകളും സ്യൂട്ട്കേസുകളും നല്‍കിയ വകുപ്പുകളുണ്ട്. വെള്ളിയാഴ്ച ഓവന്‍ വിതരണം ചെയ്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ സര്‍ക്കാര്‍ എല്ലാ മണ്ഡലത്തിലും നടപ്പിലാക്കുന്ന ഉച്ചഭക്ഷണപദ്ധതിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ എം.എല്‍.എമാര്‍ക്ക് ഓവന്‍ ആവശ്യമാണെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് കൂടിയായ വിദ്യാഭ്യാസമന്ത്രി അശോക് ചൗധരി പ്രതികരിച്ചത്.
അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ സമ്മാനങ്ങള്‍ നല്‍കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മൈക്രോവേവ് ഓവന്‍ വിതരണം ചെയ്തവകയില്‍ സര്‍ക്കാറിന് 30 ലക്ഷം രൂപയില്‍ താഴെ മാത്രമേ ചെലവുള്ളൂവെന്നും മറ്റു വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കലര്‍ത്തരുതെന്നുമായിരുന്നു മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.