സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം രാജ്യദ്രോഹമല്ലെന്ന്

ന്യൂഡല്‍ഹി: സര്‍ക്കാറിനെ വിമര്‍ശിക്കുക എന്നാല്‍ രാജ്യദ്രോഹമല്ല എന്ന് അനിര്‍ബന്‍ ഭട്ടാചാര്യക്കും ഉമര്‍ഖാലിദിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ . പൊതുജനങ്ങള്‍ക്കുള്ളിലും മാധ്യമങ്ങളിലും ഇവരെ വലിയ തെറ്റുകാരായിട്ടാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ഇത് കേവലം ഒരു അഭിപ്രായം മാത്രമാണെന്നും കോടതി അത് മുഖവിലക്കെടുക്കരുതെന്നും അദ്ദേഹം പട്യാല കോടതിയില്‍ വാദിച്ചു. അതേ സമയം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശലയില്‍ (ജെ.എന്‍.യു) രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇരുവരുടേയും ജാമ്യ അപേക്ഷയില്‍ വാദം കേള്‍ക്കല്‍ ഈ മാസം 18 ലേക്ക് മാറ്റി.


എന്നാല്‍ ജെ.എന്‍.യു വില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയത് പുറത്തുനിന്നുള്ളവരാണെന്ന് കണ്ടെത്തി. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപോര്‍ട്ടില്‍ ആണ് ഇക്കാര്യം ഉള്ളത്. ഇവര്‍ മുഖം മറച്ചാണ് പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളത്. സംഭവത്തില്‍ അനിര്‍ബന്‍ ഭട്ടാചാര്യയും ഉമര്‍ഖാലിദും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത വിദ്വേഷം പടര്‍ത്തുകയും  ഭിന്നിപ്പുണ്ടാക്കാന്‍  ശ്രമിച്ചു എന്നും സമിതി കഴിഞ്ഞ ദിവസം സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

പുറത്തു നിന്നുള്ളവര്‍ സര്‍വകലാശാലക്കുള്ളില്‍ പ്രവേശിക്കുന്നതും രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയ അവര്‍ കാമ്പസില്‍ നിന്ന് പുറത്തുപോവുന്നത് തടയുന്നതിലും സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റി. സര്‍വകലാശാല അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് വിദ്യാര്‍ത്ഥികള്‍ പരിപാടി സംഘടിപ്പിച്ചത് ബോധപൂര്‍വമായ അനാസ്ഥയാണ്. പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ ജെ.എന്‍.യു കമ്മ്യൂണിറ്റിയെ ഒന്നടങ്കം അപമാനിച്ചു എന്നും വൈസ് ചാന്‍സ്ലര്‍ നിയോഗിച്ച അഞ്ചംഗ സമിതി കുറ്റപ്പെടുത്തി. എന്നാല്‍ ഏകപക്ഷീയമായി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ജെ.എന്‍.യു യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ അടക്കം കുറ്റക്കാരായി കണ്ടെത്തിയ 21 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അന്വേഷണ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കനയ്യയടക്കം എട്ട് വിദ്യാര്‍ത്ഥികളെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ നിന്ന്  മാര്‍ച്ച് 10ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.

പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ വധശിക്ഷക്കു വിധേയനായ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് കനയ്യകുമാറിനേയും മറ്റു അഞ്ചു വിദ്യാര്‍ത്ഥികളേയും രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് മൂന്നിന് കനയ്യക്ക് ജാമ്യം കിട്ടിയെങ്കിലും ഖാലിദും ബട്ടാചാര്യയും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

പരിപാടിയില്‍  രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതുമായി കാണിച്ച് ഒരു പ്രമുഖ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.