ഗുംനാമി ബാബയുടെ പെട്ടിയിൽ നേതാജിയുടെ ചിത്രങ്ങളും

ലഖ്നോ: സുഭാഷ് ചന്ദ്രബോസ് വേഷം മാറി ജീവിക്കുകയാണെന്ന് വിശ്വസിക്കപ്പെട്ട സന്യാസി ഗുംനാമി ബാബയുടെ പെട്ടിയിൽ ബോസിൻെറ കുടുംബ ചിത്രങ്ങളും. ബോസിൻെറ കുടുംബ ചിത്രങ്ങൾ ഗുംനാമി ബാബയുടെ പെട്ടിയിൽ നിന്ന് കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയിലെ ട്രഷറിയിലാണ് ഇപ്പോൾ ബാബയുടെ ഈ പെട്ടി ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. ഇത് അടുത്തുതന്നെ മ്യൂസിയത്തിലേക്ക് മാറ്റിയേക്കും.

നേതാജിയുടെ മാതാപിതാക്കളായ ജാനകീനാഥ് ബോസ്, പ്രഭാവതി ബോസ് എന്നിവരുടെ ചിത്രങ്ങളും ബാബയുടെ സൂക്ഷിപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 20ലേറെ വരുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങളും നേതാജിയുടെ അനന്തിരവൾ ലളിത ബോസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗുംനാമി ബാബ 1982 മുതൽ 85 വരെ താമസിച്ച രാം ഭവൻെറ ഉടമസ്ഥൻ ശക്തി സിങ് പറഞ്ഞു. കുടുംബ ചിത്രത്തിലുള്ളവരുടെ പേരും ശക്തി സിങ് വെളിപ്പെടുത്തി. സുധീർ ചന്ദ്ര ബോസ്, സതീഷ് ചന്ദ്ര ബോസ്, ശരത് ചന്ദ്ര ബോസ്, സുരേഷ് ചന്ദ്ര ബോസ്, സുനിൽ ചന്ദ്ര ബോസ്, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരാണ് ചിത്രത്തിലുള്ളതെന്ന് സിങ് വ്യക്തമാക്കി. 1985 സെപ്റ്റംബറിലാണ് ബാബ അന്തരിച്ചത്.

1950കളിൽ ഇന്ത്യയിൽ എത്തിയ ഭഗവാൻജി എന്ന സന്യാസി, നേതാജി വേഷം മാറി ജീവിക്കുകയാണെന്നാണ് കരുതപ്പെട്ടിരുന്നത്. ലഖ്നോ, സീതാപൂർ, ബസ്തി, അയോധ്യ, ഫൈസാബാദ് എന്നിവിടങ്ങളിലായിരുന്നു ബാബ ജീവിച്ചിരുന്നത്. പേരില്ലാത്ത സന്യാസി എന്ന അർഥത്തിലാണ് അദ്ദേഹത്തെ ഗുംനാമി സ്വാമി എന്നാണ് വിളിച്ചിരുന്നത്. സന്യാസി ഗുംനാമി ബാബ സുഭാഷ് ചന്ദ്രബോസ് തന്നെയാണെന്ന വാദക്കാര്‍ക്ക് ബലമേകുന്നതാണ് പുതിയ സംഭവം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.