ന്യൂഡൽഹി: ലോക്സഭാ മുൻ സ്പീക്കർ പി.എ. സാങ്മ അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ലോക്സഭയിൽ ടുറ ലോക്സഭ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യുടെ സഹസ്ഥാപകനായ ഇദ്ദേഹം രൂപീകരണത്തിൽ ശരദ്പവാറിനൊപ്പം നിർണായകമായ പങ്ക് വഹിച്ചിരുന്നു. മകൾ അഗത സാങ്മ യു.പി.എ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. മേഘാലയ മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം എട്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012ൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ സ്വതന്ത്രനായി മൽസരിച്ചിരുന്നു.
മേഘാലയയിലെ ഗാരോ കുന്നിലെ നിർധന കുടുംബത്തിൽ 1947 സെപ്‌റ്റംബർ ഒന്നിനായിരുന്നു ജനനം. വക്കീലായി പ്രാക്‌ടീസ് ചെയ്തുകൊണ്ടിരിക്കെയാണ് യൂത്ത് കോൺഗ്രസിലെത്തിയത്. 1977മുതൽ മേഘാലയയിലെ ടുറ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. 1988 മുതൽ 1990 വരെ മേഘാലയ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. 1996ൽ ലോക്സഭയിൽ സ്പീക്കറായി.
സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഇദ്ദേഹത്തിന് സോണിയയുടെ നേതൃത്വം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കോൺഗ്രസ് വിട്ട് ശരദ് പവാറിനൊപ്പം എൻ.സി.പി രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത മൂലം 2012ൽ എൻ.സി.പി വിട്ടു. പ്രണബ് മുഖർജിക്കെതിരെ മത്സിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ നാഷണൽ പീപ്പിൾസ് പാർട്ടി രൂപീകരിച്ചു.
സാങ്മയോടുള്ള ബഹുമാന സൂചകമായി ലോക്സഭ അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് പിരിഞ്ഞു. രാജ്യസഭ നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.