ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് കോടതിയില്‍ കുടുങ്ങിക്കിടക്കുന്നു

അഹ്മദാബാദ്: സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേരുള്‍പ്പെട്ട ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് രണ്ടു വര്‍ഷമായി സി.ബി.ഐ കോടതിയില്‍ കെട്ടിക്കിടക്കുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രണ്ടു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്.

2013 ജൂലൈയിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഐ.പി.എസ് ഓഫിസര്‍മാരായ പി.പി. പാണ്ഡെ, ഡി.ജി. വന്‍സാര, ജി.എല്‍. സിംഗാള്‍ എന്നിവരുള്‍പ്പെടെ ഏഴ് പൊലീസുകാര്‍ക്കെതിരെയായിരുന്നു ഇത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഗുജറാത്ത് പൊലീസും ഇന്‍റലിജന്‍സ് ബ്യൂറോയും നടത്തിയ ഓപറേഷനായിരുന്നു അതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

2014 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍, ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടര്‍ രജേന്ദ്രകുമാറിനെതിരെ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, കൊലപ്പെടുത്തുന്നതിനായി തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. രജേന്ദ്രകുമാറിന്‍െറ സംഘത്തിലുണ്ടായിരുന്ന പി. മിത്തല്‍, എം.കെ. സിന്‍ഹ, രാജീവ് വാങ്കെദ് എന്നീ ഐ.ബി ഉദ്യോഗസ്ഥരും ഈ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടു.

അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എസ്. കുത്വാദിന്‍െറ മുമ്പാകെയാണ് സി.ബി.ഐ രണ്ടു കുറ്റപത്രങ്ങളും സമര്‍പ്പിച്ചത്. രണ്ടാമത്തെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഐ.ബി ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്‍െറ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, ആദ്യ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരായ കേസ് വിചാരണക്ക് വിട്ടിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.