കനയ്യ കുമാറിന് ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു. ഡൽഹി ഹൈകോടതിയാണ് ആറു മാസത്തേക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി പതിനായിരം രൂപ കെട്ടിവെക്കണം. ആറു മാസത്തേക്ക് അന്വേഷണവുമായി സഹകരിക്കണമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ റാണി നിർദേശം നൽകി. കെട്ടിവെക്കാനുള്ള ജാമ്യത്തുക ജെ.എൻ.യുവിലെ അധ്യാപകർ നൽകി.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഡൽഹി പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം എന്താണെന്ന് അറിയാമോയെന്ന് കോടതി പൊലിസിനോട് ചോദിച്ചു. ജാമ്യത്തെ എതിർത്ത് പൊലീസ് മുന്നോട്ടുവെച്ച വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. അതേസമയം, സമാനസംഭവത്തിൽ സമാന കേസ് ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെ.എൻ.യുവിലെ വിദ്യാർഥികളായ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.

തിങ്കളാഴ്ച തന്നെ ഹരജിയിൽ വാദം പൂർത്തിയായിരുന്നുവെങ്കിലും ഇന്നത്തേക്ക് വിധി മാറ്റുകയായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് വിധി വരുമെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും വൈകുകയായിരുന്നു. ഡൽഹി സർക്കാറിൻെറ സ്റ്റാൻഡിങ് കൗൺസലായ രാഹുൽ മെഹ്റയും കനയ്യയുടെ ജാമ്യത്തെ അനുകൂലിച്ചു.

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നതിന് തെളിവായി ഡൽഹി പൊലീസ് ഹാജരാക്കിയ വിഡിയോ വ്യജമാണെന്ന് ഫോറൻസിന് പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് വിഡിയോ വ്യാജമാണെന്നുള്ള ഫോറൻസിക് റിപ്പോർട്ട് വന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ഭാഗം കൂട്ടിച്ചേർത്തതാണെന്ന് കണ്ടെത്തുകയായിരുന്നു.

ജനുവരി ഒമ്പത്, 11 തീയതികളിൽ ജെ.എൻ.യുവിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നായിരുന്നു ആരോപണം.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.