സ്മൃതിയെ രക്ഷിക്കാന്‍ പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരായ അവകാശ ലംഘന നോട്ടീസിന് തടയിടാന്‍ മോദി സര്‍ക്കാറും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും എ.ഐ.എ.ഡി.എം.കെ സ്തംഭിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കിനുമെതിരായ പഴയ കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും തുടര്‍ച്ചയായി നടുത്തളത്തിലേക്കിറങ്ങിയാണ് മോദി സര്‍ക്കാറിനെതിരായ പ്രതിപക്ഷ നീക്കം ജയലളിതയുടെ എം.പിമാര്‍ തടഞ്ഞത്.
ബി.ജെ.പിയില്‍നിന്ന് എ.ഐ.എ.ഡി.എം.കെയിലത്തെിയ മുന്‍ ആര്‍.എസ്.എസ് പ്രചാരക് കൂടിയായ മൈത്രേയന്‍െറ നേതൃത്വത്തിലാണ് ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കുമെതിരായ പഴയ വിഷയം എടുത്തിട്ട് രാജ്യസഭ സ്തംഭിപ്പിച്ചത്. ചൊവ്വാഴ്ച 11 മണിക്ക് സഭ ചേര്‍ന്നപ്പോള്‍, വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര സഹമന്ത്രി രാം ശങ്കര്‍ കതേരിയക്കെതിരായ നടപടി ആവശ്യപ്പെട്ട് മുഴുവന്‍ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. ഈ സമയത്ത് മൈത്രേയനും സംഘവും വെല്ലിലിറങ്ങിയെങ്കിലും വിദ്വേഷ പ്രസംഗത്തിനെതിരായ ബഹളത്തില്‍ മുങ്ങിപ്പോയി. തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ 11.16ന് പുനരാരംഭിച്ചപ്പോള്‍ എ.ഐ.ഡി.എം.കെ എം.പിമാര്‍ വീണ്ടും വെല്ലിലിറങ്ങി. ചിദംബരത്തെ അറസ്റ്റ് ചെയ്യണമെന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്ത മൈത്രേയനോട് അക്കാര്യം കേന്ദ്ര സര്‍ക്കാറിനോട് പറഞ്ഞാല്‍ പോരെയെന്നും അതിനെന്തിനാണ് സഭ തടസ്സപ്പെടുത്തുന്നതെന്നും പി.ജെ. കുര്യന്‍ ചോദിച്ചു. കാര്യമില്ലാതെ മുദ്രാവാക്യം വിളിച്ച് സഭ തടസ്സപ്പെടുത്തുന്ന നിങ്ങള്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.  
മോദി സര്‍ക്കാറും ജയലളിതയും തമ്മിലുള്ള ഒത്തുകളിക്കിറങ്ങേണ്ടി വന്ന എ.ഐ.എ.ഡി.എം.കെ എം.പിമാരോട് ഒരമ്മയും പത്ത് പോഴന്മാരും എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. പ്രതിപക്ഷം ഒന്നിച്ചിറങ്ങിയാലും സഭാനടപടികള്‍ നിര്‍ത്തിവെക്കാതെ മുന്നോട്ടുപോകാറുള്ള ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനും ചൊവ്വാഴ്ച എ.ഐ.എ.ഡി.എം.കെയുടെ പ്രതിഷേധം മാനിച്ച് മൂന്നുവട്ടം സഭ നിര്‍ത്തിവെക്കുകയും അവസാന തവണ ബുധനാഴ്ചത്തേക്ക് പിരിയുകയാണെന്ന് അറിയിക്കുകയും ചെയ്തു.
 വേണുഗോപാലിന്‍െറ നേതൃത്വത്തിലായിരുന്നു ലോക്സഭയില്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്.
മൈത്രേയനുമായി നേരത്തെ ഉടക്കിയപ്പോള്‍ രാജ്യസഭാ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ ജയലളിത അതിന് പകരം നവനീത് കൃഷ്ണനെ തല്‍സ്ഥാനത്ത് നിയോഗിച്ചിരുന്നു. രാജ്യസഭാ കാലാവധി കഴിഞ്ഞ ശേഷം മൈത്രേയന് പിന്നീട് രാജ്യസഭാ ടിക്കറ്റ് നല്‍കിയിരുന്നുമില്ല.
എന്നാല്‍, ആര്‍.എസ്.എസിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി ജയലളിത മൈത്രേയന് വീണ്ടും രാജ്യസഭാ ടിക്കറ്റ് നല്‍കുകയായിരുന്നു. രാജ്യസഭയിലേക്ക് വീണ്ടും  തെരഞ്ഞെടുക്കപ്പെട്ട മൈത്രേയന്‍ ആദ്യമായി സഭയില്‍ എത്തിയ ദിവസം തന്നെയാണ് മോദി സര്‍ക്കാറിനെതിരായ പ്രതിപക്ഷ നീക്കം തടയാന്‍ നിയുക്തനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.