ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനും ബജറ്റില്‍ കോടികള്‍

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ അജണ്ടകള്‍ക്കായി വന്‍ തുക ബജറ്റില്‍ വകയിരുത്തിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ പണ്ഡിത് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് കോടികള്‍  നീക്കിവെച്ചു. ഗോഹത്യ നിരോധം അജണ്ടയാക്കിയ മോദി സര്‍ക്കാര്‍ പശുപരിപാലനത്തിനായി നാല് പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് 850 കോടി രൂപയും വകയിരുത്തി. കാവി അജണ്ട നടപ്പാക്കാന്‍ സാംസ്കാരിക, വിനോദ സഞ്ചാര, മാനവ വിഭവ ശേഷി മന്ത്രാലയങ്ങള്‍ വഴി ചെലവിടുന്ന കോടികള്‍ക്ക് പുറമെയാണ് ഈ പ്രത്യേക വിഹിതം.  

ജന്മവാര്‍ഷികാഘോഷങ്ങള്‍ക്കും സര്‍ദാര്‍ പട്ടേലിന്‍െറ പ്രതിമക്കുമായി 342.50 കോടി രൂപ വകയിരുത്തിയ ബജറ്റ് അതില്‍ 100 കോടി രൂപ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിക്കും ഗുരു ഗോബിന്ദ് സിങ്ങിന്‍െറ 350ാം ജന്മവാര്‍ഷികത്തിനുമായിരിക്കുമെന്ന് വ്യക്തമാക്കി. ‘പശുധന്‍ സഞ്ജീവനി’ എന്ന പേരില്‍ പുതിയ പദ്ധതിയുണ്ടാക്കി അതിന് കീഴില്‍ മൃഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് പാലില്‍ നിന്നുള്ള വരുമാനം കൂട്ടാനാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

ഗോസംരക്ഷണത്തിനുള്ള രണ്ടാമത്തെ പദ്ധതിയായി പശുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഏറ്റവും നവീനമായ പ്രജനന സാങ്കേതിക വിദ്യ ആവിഷ്കരിക്കും. കര്‍ഷകരെയും കന്നുകാലി വളര്‍ത്തുന്നവരെയും ഓണ്‍ലൈന്‍ വിപണി വഴി ബന്ധിപ്പിക്കാന്‍ ‘ഇ പശുധന്‍ ഹാത്’ എന്ന പേരില്‍ പോര്‍ട്ടല്‍ തുടങ്ങും. തദ്ദേശീയ പശുക്കളുടെ വികസനത്തിനായി ദേശീയ ജനിതക വിദ്യാകേന്ദ്രം സ്ഥാപിക്കുകയാണ് നാലാമത്തെ പദ്ധതി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.