അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.കെ. തുംഗോന് ആറു വര്‍ഷം തടവ്

ന്യൂഡല്‍ഹി: 1993-94 കാലഘട്ടത്തില്‍ സര്‍ക്കാര്‍ വ്യാപാരസ്ഥാപനങ്ങള്‍  അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.കെ. തുംഗോന് ആറു വര്‍ഷം തടവും ലക്ഷം രൂപ പിഴയും. അരുണാചല്‍ മുന്‍ മുഖ്യമന്ത്രികൂടിയായ തുംഗോന് സ്പെഷല്‍ സി.ബി.ഐ ജഡ്ജി സഞ്ജീവ് അഗര്‍വാളാണ് ശിക്ഷ വിധിച്ചത്. അഴിമതി തടയല്‍ നിയമപ്രകാരം കുറ്റകരമായ ഗൂഢാലോചന,  പദവി ദുരുപയോഗം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസിലെ മറ്റു പ്രതികളായിരുന്ന ലഖ്പ ടെസ്റിങ്, കൃഷ്ണ എന്നിവരെ കോടതി വെറുതെവിട്ടു.
നരസിംഹറാവു മന്ത്രിസഭയില്‍ നഗരവികസന, തൊഴില്‍മന്ത്രിയായിരുന്ന ഷീല കൗള്‍, സഹമന്ത്രിയായിരുന്ന തുംഗോന്‍, തുളസി ബലോദി, ലഖ്പ ടെസ്റിങ്, കൃഷ്ണ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കെതിരായി ഇക്കണോമിക്കല്‍ ലൈസന്‍സ് ഫീസ് പ്രകാരം വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കാന്‍ 1993 സെപ്റ്റംബറിനും 1994 ജൂണിനുമിടയില്‍ അഞ്ചു പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും അനധികൃതമായി നേട്ടമുണ്ടാക്കിയെന്നുമാണ് സി.ബി.ഐ കണ്ടത്തെിയത്. 1998ലെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ 2015 ജൂലൈയില്‍ തുംഗോന് നാലര വര്‍ഷം തടവ് വിധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.