വന്യമൃഗങ്ങളെ കൊല്ലാമെന്ന കേന്ദ്രമന്ത്രാലയത്തിന്‍റെ അനുമതിക്ക് സ്റ്റേയില്ല

ന്യൂഡല്‍ഹി: വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിന് സുപ്രീംകോടതി സ്റ്റേ നിഷേധിച്ചു. കേന്ദ്രമന്ത്രാലയത്തിന്‍റെ വിജ്ഞാപനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്നും സുപ്രീംകോടതി ഹരജിക്കാരെ അറിയിച്ചു.

കൃഷി, ആള്‍നാശം വരുത്തുന്ന വന്യമൃഗങ്ങളെ  കൊന്നൊടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ട്  പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജൂണ്‍ 15 നാണ് മൃഗസംരക്ഷക പ്രവര്‍ത്തകര്‍ ഹരജി നല്‍കിയത്. വന്യമൃഗങ്ങളെ തരംതിരിച്ച് കൊന്നൊടുക്കുന്നത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും. വന്യമൃഗങ്ങള്‍ മൂലം കൃഷി, ആള്‍നാശം എന്നിവയുണ്ടാകുന്നുവെന്ന് സംസ്ഥാനങ്ങള്‍ ആരോപിക്കുന്നത് ശാസ്ത്രീയമായ സര്‍വേകളുടെ പിന്‍ബലമില്ലാതെയാണെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

കൃഷിനാശം വരുത്തിയാല്‍ ബിഹാറില്‍ നില്‍ഗയ് (ഒരു തരം മാന്‍), ഹിമാചല്‍ പ്രദേശില്‍  കുരങ്ങുകളെയും ഗോവ  മയിലുകളെയും പശ്ചിമബംഗാളില്‍ കാട്ടാനകളെയും  കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ നടപടിക്കെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി രംഗത്തത്തെിയിരുന്നു.

കൃഷിനാശമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നല്‍കിയ പരാതി പരിഗണിച്ച് സംസ്ഥാനങ്ങളുടെ അപേക്ഷ പ്രകാരമാണ് അനുമതി നല്‍കിയതെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചിരുന്നു.  2015 ഡിസംബറിലാണ് ജനങ്ങളുടെ ജീവനോ കൃഷിനാശത്തിനോ കാരണമാകുന്ന വന്യമൃഗങ്ങളെ കൊല്ലാമെന്ന മെമോറാന്‍ഡം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.