പത്താന്‍കോട്ട് ആക്രമണം: അന്വേഷണ സംഘത്തിന്  പാകിസ്താന്‍ അനുവാദം നിഷേധിച്ചിട്ടില്ല –സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇന്ത്യന്‍ സംഘത്തിന് പാകിസ്താന്‍ അനുവാദം നിഷേധിച്ചിട്ടില്ളെന്നും പകരം കൂടുതല്‍ സമയം ചോദിക്കുകയാണ് ചെയ്തതെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പാകിസ്താനുമായുള്ള ബന്ധത്തില്‍  പ്രശ്ന പരിഹാരത്തിന് മൂന്ന് ഫോര്‍മുലകളിലാണ് ഇന്ത്യ ഊന്നുന്നത്. ഒന്നാമത്തേത് എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതാണ്. മൂന്നാമതൊരു രാജ്യം ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ളെന്നതാണ് രണ്ടാമത്തേത്. മൂന്നാമതായി ഭീകരതയും ചര്‍ച്ചയും ഒരുമിച്ചുപോകില്ളെന്നതാണ് -മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മിലുള്ള നല്ലബന്ധം അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ അഞ്ചംഗ പാക് സംഘം  ഇന്ത്യ സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യന്‍ അന്വേഷണ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ പാക് അധികൃതരെ കാണുകയും ചെയ്തു. എന്നാല്‍, തെളിവുകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ സമയം വേണമെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് സുഷമ സ്വരാജ് വെളിപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.