ദുരഭിമാനക്കൊല: ശിക്ഷിക്കപ്പെട്ട 92കാരന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: 92കാരനാണെങ്കിലും പ്രായത്തിന്‍െറ അവശതകളുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടയാള്‍ ജയിലില്‍ തന്നെ പോകണമെന്ന് സുപ്രീംകോടതി. 1980ല്‍ നടന്ന ദുരഭിമാനക്കൊലയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഉത്തര്‍പ്രദേശുകാരനായ പുട്ടിക്കാണ് സുപ്രീംകോടതി പ്രായത്തിന്‍െറ ഇളവ് നല്‍കാതിരുന്നത്. പൊലീസിനുമുന്നില്‍ കീഴടങ്ങുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പുട്ടി നല്‍കിയ ഹരജി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, എല്‍. നാഗേശ്വര റാവു എന്നിവരാണ് തള്ളിയത്.
1980 ആഗസ്റ്റ് 22ന് നന്‍ഹക്കു എന്നയാളെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയാണ് പുട്ടി. മറ്റ് രണ്ട് പ്രതികളായ ഫെക്ക, സ്നേഹി എന്നിവര്‍ നേരത്തെ മരിച്ചു. ഫെക്കയുടെ വിവാഹിതയായ മകളുമായി നന്‍ഹക്കുവിന്‍െറ സഹോദരന്‍ സോഹന്‍ ഒളിച്ചോടിപ്പോയതാണ് കൊലയിലേക്ക് നയിച്ചത്. ഫെക്ക, സ്നേഹി, പുട്ടി എന്നിവര്‍ ബന്ധുക്കളാണ്. വിചാരണകോടതി 1982ല്‍ ഇവര്‍ മൂന്നുപേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇവര്‍ വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ പരിഗണനയിലിരിക്കെയാണ് ഫെക്കയും സ്നേഹിയും മരിക്കുന്നത്.
34 വര്‍ഷത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 24നാണ് ലഖ്നോ ഹൈകോടതി പുട്ടിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ചത്. പൊലീസില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് പുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.