മുംബൈ: 9000 കോടി രൂപയുടെ കടബാധ്യത വരുത്തി നാടുവിട്ട യു.ബി ഗ്രൂപ് ചെയര്‍മാന്‍ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി പ്രഖ്യാപിച്ചു. ആവര്‍ത്തിച്ച് സമന്‍സ് അയച്ചിട്ടും ചോദ്യംചെയ്യലിന് മല്യ ഹാജരാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ, കോടതി ഉത്തരവ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വിജയ് മല്യ ഹാജരാകണം. ഹാജരാകാത്തപക്ഷം മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനും കഴിയും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിജയ് മല്യക്കുള്ള അവസാന അവസരമാണിത്.
ലണ്ടനില്‍ കഴിയുന്ന വിജയ് മല്യ ആരോപണം നിഷേധിച്ച് പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് പിടികിട്ടാപ്പുള്ളിയായി വിധിക്കുന്നത്. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഫ്ളാറ്റുകളും ചെന്നൈയിലെ ഭൂമിയും ബാങ്ക് അക്കൗണ്ടും കിങ് ഫിഷര്‍ ടവറും അടക്കം മല്യയുടെ 1411 കോടി രൂപയുടെ സ്വത്ത് കഴിഞ്ഞ ദിവസമാണ് ഇ.ഡി കണ്ടുകെട്ടിയത്. ബാങ്കുകള്‍ക്ക് 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയാണ് മല്യ ഇന്ത്യ വിട്ടത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ പേരില്‍ ഐ.ഡി.ബി.ഐ ബാങ്കില്‍നിന്ന് കടമെടുത്ത 430 കോടി രൂപ വിദേശങ്ങളില്‍ സ്വത്തുവാങ്ങാന്‍ വകതിരിച്ചുവിട്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.