ഗ്രൂപ് അതിപ്രസരം ഒഴിവാക്കാന്‍ ഹൈകമാന്‍ഡ് നിര്‍ദേശം –സുധീരന്‍

ന്യൂഡല്‍ഹി: ഗ്രൂപ് അതിപ്രസരം ഒഴിവാക്കി പാര്‍ട്ടിയെ ശക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ടെന്നും അത് ഉള്‍ക്കൊണ്ട് ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
 ഗ്രൂപ്പിന് അതീതമായി മെറിറ്റിന്‍െറ അടിസ്ഥാനത്തില്‍ യുവാക്കള്‍, പുതുമുഖങ്ങള്‍, വനിതകള്‍ എന്നിവര്‍ക്കെല്ലാം അവസരം നല്‍കി പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.
തുടക്കം മുതല്‍ തന്നെ ഗ്രൂപ് പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നയാളാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് സുധീരന്‍ പറഞ്ഞു. ശനിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്ത നേതാക്കളാരും നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല.
എന്നാല്‍, പലരും മാധ്യമങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു. മാധ്യമങ്ങള്‍ ഇത്തരം പ്രചാരണങ്ങളില്‍ വീഴരുത്. ചര്‍ച്ചയില്‍ സ്വാഗതാര്‍ഹമായ സമീപനമാണ് ഹൈകമാന്‍ഡിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായത്.
കെ.പി.സി.സിക്ക് വൈബ്രന്‍റ് നേതൃത്വം വേണമെന്ന കെ. സുധാകരന്‍െറ ആവശ്യത്തോട് പ്രതികരിക്കാനില്ല.
കേരളത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എല്ലാം തിരിച്ചറിയാനുള്ള കഴിവുണ്ട്. ഒന്നിനും വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട കാര്യമില്ല. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരം പ്രസ്താവനകള്‍ക്ക് മറുപടി പറഞ്ഞ് പുതിയ വിവാദങ്ങളുണ്ടാക്കാന്‍ താനില്ല.
കനത്ത തെരഞ്ഞെടുപ്പ് പരാജയത്തില്‍ നില്‍ക്കുന്ന പ്രവര്‍ത്തകരുടെ മനസ്സ് വിഷമിപ്പിക്കാതെ മനോവീര്യം ഉയര്‍ത്തി കൂടുതല്‍ കരുത്തോടെ അവരെ മുന്നോട്ട് നയിക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്.
കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ എല്ലാവര്‍ക്കും പറയാന്‍ അവസരം നല്‍കിയിരുന്നു. അതിനുശേഷം പുറത്ത് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ശരിയാണോ എന്ന് പ്രസ്താവന നടത്തുന്നവര്‍തന്നെ ആലോചിക്കണം. യു.ഡി.എഫ് യോഗം ഐകകണ്ഠ്യേന എടുത്ത തീരുമാനം ഉമ്മന്‍ ചാണ്ടിതന്നെ മുന്നണി ചെയര്‍മാനായി തുടരണമെന്നതാണ്. ഇത് ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
ഇനി ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഹൈകമാന്‍ഡാണെന്നും വി.എം. സുധീരന്‍ പറഞ്ഞു.
 കേരളത്തില്‍ വ്യാപകമാവുന്ന രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.