രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടം

ന്യൂഡല്‍ഹി: വിലപറഞ്ഞ് വോട്ടുവാങ്ങുന്നുവെന്ന ആക്ഷേപത്തിന്‍െറ അകമ്പടിയോടെ രാജ്യസഭാ സീറ്റുകളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ നാല് കേന്ദ്രമന്ത്രിമാരും നാല് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഒരു മാധ്യമ ഉടമയും വിജയംകണ്ടു. 57 സീറ്റുകളിലേക്ക് വന്ന ഒഴിവില്‍ 30 അംഗങ്ങള്‍ മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ അവശേഷിച്ച 27 സീറ്റുകളിലേക്കായിരുന്നു ശനിയാഴ്ച വോട്ടെടുപ്പ്.

കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു രാജസ്ഥാനില്‍ നിന്നും മുഖ്താര്‍ അബ്ബാസ് നഖ് വി ഝാര്‍ഖണ്ഡില്‍നിന്നും ചൗധരി ബീരേന്ദര്‍ സിങ് ഹരിയാനയില്‍നിന്നും നിര്‍മല സീതാരാമന്‍ കര്‍ണാടകയില്‍നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, ഓസ്കര്‍ ഫെര്‍ണാണ്ടസ്, കെ.സി. രാമമൂര്‍ത്തി എന്നിവര്‍ കര്‍ണാടകയില്‍നിന്ന് വിജയിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായിരുന്ന കപില്‍ സിബല്‍ യു.പിയില്‍നിന്ന് വിജയിച്ചു.

സിബലിനെ തോല്‍പിക്കാന്‍ മുംബൈ വ്യവസായിയുടെ ഭാര്യ പ്രീതി മഹാപത്രയെ ബി.ജെ.പി രംഗത്തിറക്കിയിരുന്നെങ്കിലും മായാവതിയുടെ പിന്തുണ കപില്‍ സിബലിന് തുണയാവുകയായിരുന്നു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സീ ന്യൂസ് മേധാവി സുഭാഷ് ചന്ദ്ര ഹരിയാനയില്‍നിന്ന് രാജ്യസഭയിലേക്കത്തെും. ഐ.എന്‍.എല്‍.ഡി സ്ഥാനാര്‍ഥി ആര്‍.കെ. ധവാനെ കോണ്‍ഗ്രസ് പിന്തുണച്ചെങ്കിലും ഇവിടെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അടക്കം  കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. യു.പിയില്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് തങ്ങളുടെ ഏഴ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാനായി. ബി.എസ്.പിയും ബി.ജെ.പിയും രണ്ടു വീതം സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റുമാണ് ഇവിടെ നേടിയത്. രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ നാല് സ്ഥാനാര്‍ഥികളും വിജയിച്ചു.

മധ്യപ്രദേശില്‍ ബി.ജെ.പിയുടെ എം.ജെ. അക്ബര്‍, അനില്‍ ദവേ എന്നിവര്‍ക്കു പുറമെ കോണ്‍ഗ്രസ് പിന്തുണച്ച മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിജയ് തന്‍കയും വിജയിച്ചു.
 ഉത്തരാഖണ്ഡിലെ ഏക സീറ്റില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍െറ പ്രദീപ് തംത വിജയിച്ചു. നഖ്വിക്ക് പുറമെ ബി.ജെ.പിയുടെ പ്രദീപ് പൊദ്ദാറാണ് ഝാര്‍ഖണ്ഡില്‍നിന്ന് ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.